18 September Wednesday

പ്രളയമേ.. വീണ്ടെടുക്കും, ഇത‌് നാടിന്റെ ജീവനാഡി

മിൽജിത‌് രവീന്ദ്രൻUpdated: Monday May 20, 2019

പെരിയാർവാലി ഹൈ ലെവൽ കനാലിലെ പമ്പ് ഹൗസുകളിലൊന്ന്‌


കൊച്ചി
നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയം ജില്ലയിലെ ജലസേചന പദ്ധതിൾക്ക‌് ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. നാല് വൻകിടപദ്ധതികൾക്കും ചെറുകിടപദ്ധതികൾക്കും കനത്ത നാശമാണ‌് ഉണ്ടായത‌്. കനാലുകൾ പലതും തകർന്നു.  ലിഫ‌്റ്റ‌് ഇറിഗേഷൻ പദ്ധതികൾക്കും വ്യാപകനാശമാണ‌് ഉണ്ടാക്കിയത‌്. എന്നാൽ, സർക്കാരിന്റെ ശക്തമായ ഇടപെടൽ കർഷകർക്ക‌് നൽകിയ ആശ്വാസം ചെറുതല്ല. പുനരുദ്ധാരണത്തിന‌് വേഗത്തിൽ അനുമതിയായി. അറ്റകുറ്റപ്പണികളും പുനരുദ്ധാരണവും വേഗത്തിൽ മുന്നേറുകതന്നെയാണ‌്.

കുത്തിയൊഴുകിയെത്തിയ പ്രളയജലത്തിൽ മൂവാറ്റുപുഴ വാലി കനാലിന്റെ ഇടതുബണ്ടിൽ 50 മീറ്റർ നീളത്തിൽ നാശനഷ്ടമുണ്ടായി. ഇതിൽ 30 മീറ്റർ നീളത്തിൽ കനാൽ ബണ്ട‌് പൂർണമായി ഒലിച്ചുപോയി. കനാൽത്തകർച്ച കൃഷിയിടങ്ങളിൽ വെള്ളക്കെട്ടിനു കാരണമായി. കാരിക്കോട് വിതരണശൃംഖലയുടെ അറ്റത്തുള്ള 250 മീറ്റർ ഇടിഞ്ഞുപോയി. ഒപ്പം മണ്ണിടിച്ചിലും ബണ്ടുറോഡ‌് തകർച്ചയും നാശനഷ്ടങ്ങൾക്ക് ആക്കംകൂട്ടി.

ഇടമലയാർ പദ്ധതിയിലെ കനാലുകൾ പ്രളയത്തിൽ നിറഞ്ഞുകവിഞ്ഞു. മുല്ലശേരി തോട് നിറഞ്ഞുകവിഞ്ഞതുമൂലം കനാൽ ബണ്ട് റോഡിന് നാശമുണ്ടായി. എക്കലും കനാൽ ഇടിഞ്ഞതിന്റെ അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതിനാൽ പ്രധാന കനാലിനും ലോ ലെവൽ കനാലിനും കനത്ത നാശമുണ്ടായി. പ്രധാന കനാലിന്റെ 16,360 മീറ്ററിലുള്ള ഫ്ലഷ് എസ്കേപ്പിന്റെ താൽക്കാലിക ഷട്ടറുകൾ മാറ്റേണ്ടിവന്നു. അടുത്തുള്ള തോട്ടിലേക്ക‌് വെള്ളം ഒഴുകിപ്പോകാൻ ഇത് സഹായിച്ചു. വെള്ളപ്പൊക്കത്തിനുമുമ്പേ ഷട്ടറുകൾ തുറന്നെങ്കിലും ഷട്ടറുകൾക്കും കേടുപാടുണ്ടായി.പെരിയാർ, മൂവാറ്റുപുഴ, ചാലക്കുടി പുഴ തീരങ്ങളിലെ പമ്പുഹൗസുകൾ പ്രളയത്തിൽ മുങ്ങി. പ്രളയശേഷം ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളുടെ പമ്പുഹൗസുകളും സക‌്ഷൻ പിറ്റുകളും ലീഡിങ‌് ചാനലുകളും പൂർണമായും ചെളിയും മണ്ണും അടിഞ്ഞു.

പ്രളയത്തിനുശേഷം പല നദികളിലെയും ജലവിതാനം പതിവിൽ കൂടുതൽ താഴുകയും പദ്ധതിപ്രദേശങ്ങളിൽ കനത്ത വരൾച്ച ഉണ്ടാവുകയും ചെയ‌്തു. ജില്ലയിലെ 136 ലിഫ‌്റ്റ‌് ഇറിഗേഷൻ പദ്ധതികളിലെ നൂറോളം പമ്പുഹൗസുകളും വെള്ളത്തിൽ മുങ്ങുകയും ചെളി കയറുകയും ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടാവുകയും ചെയ‌്തു.

പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ കനത്തതാണെങ്കിലും അസാധാരണ വേഗത്തിൽ പുനരുദ്ധാരണം നടക്കുകയാണ‌്. സർക്കാർ സംവിധാനങ്ങൾ പ്രളയശേഷം മറ്റ‌് മേഖലകളിലെന്നപോലെ, ജലസേചനരംഗത്തും ഉണർന്നു പ്രവർത്തിക്കുന്നു. അറ്റകുറ്റപ്പണികൾ അതിവേഗം പുരോഗമിക്കുന്നു. പമ്പുഹൗസുകളിലെ ചെളി നീക്കാനും സക‌്ഷൻ പിറ്റ‌് വൃത്തിയാക്കാനും മറ്റുമായി കലക്ടറുടെ ഫണ്ടിൽനിന്ന‌് 20 ലക്ഷം രൂപ ലഭിച്ചു. പ്രളയത്തെത്തുടർന്ന‌് 118 അടിയന്തര പുനരുദ്ധാരണ പ്രവൃത്തികൾക്കായി 213.82 ലക്ഷം രൂപയാണ‌് അനുവദിച്ചത‌്.

(അവസാനിക്കുന്നില്ല)


പ്രധാന വാർത്തകൾ
 Top