26 February Wednesday

40 രൂപയ്‌ക്ക്‌ പൊതിച്ചോറ്‌ വേണോ...ഇങ്ങുപോരൂ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

കച്ചേരിപ്പടിയിൽ ഗാന്ധി പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ആരംഭിച്ച ജയിൽ വകുപ്പിന്റെ ഭക്ഷണ കൗണ്ടർ ജയിൽ സൂപ്രണ്ട് കെ വി ജഗദീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി
പൊതിച്ചോറിന് 40 രൂപ, വെജ് ബിരിയാണിക്ക് 50 രൂപ, ഫ്രൈഡ് റൈസിന് 40 രൂപ, കുപ്പിവെള്ളത്തിന് 10 രൂപ... നാവിൽ രുചിയൂറുന്ന സസ്യാഹാരം കൊച്ചി നഗരത്തിൽ  ഇത്രയും വിലക്കുറവിൽ!. കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം ജില്ലാ ജയിൽ അധികൃതർ ആരംഭിച്ചിരിക്കുന്ന ഭക്ഷണ കൗണ്ടറിലാണ്‌ വിലക്കുറവിൽ വിഭവങ്ങളുള്ളത്‌. 20 രൂപയ്ക്ക് റെഡി ടു കുക്ക് ചപ്പാത്തിയും ആറ് രൂപയ്ക്ക് പലഹാരങ്ങളും ഇവിടെനിന്ന് വാങ്ങാം.

ഗാന്ധിപീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന കൗണ്ടർ ദിവസവും പകൽ 11 മുതൽ രാത്രി ഏഴുവരെയുണ്ടാകും. ജില്ലാ ജയിലിൽ നിലവിൽ 150 അന്തേവാസികളാണുള്ളത്. ഇവരിൽ 40 പേരാണ് ചപ്പാത്തി നിർമാണവും പാചകവുമായി സഹകരിക്കുന്നത്.പുലർച്ചെ മൂന്നിന് ഇവർ പാചകം ആരംഭിക്കും. കൃത്യം 11ന് ഭക്ഷണസാധനങ്ങൾ കൗണ്ടറിലെത്തും. ദിവസ വേതനാടിസ്ഥാനത്തിൽ ജയിൽ വകുപ്പ് നിയമിച്ച രണ്ടുപേരാണ് വിൽപ്പന നടത്തുന്നത്. ജയിലിലെ മറ്റ് അന്തേവാസികൾ ഫ്രീഡം എന്ന ബ്രാൻഡ് നെയിമിൽ നിർമിക്കുന്ന എൽഇഡി ബൾബ്, ഫിനോയിൽ, നെറ്റിപ്പട്ടം, ഫ്‌ളവർവേസ്, മെഴുകുതിരി എന്നിങ്ങനെ 32 ഇന വസ്തുക്കളും ഈ കൗണ്ടറിൽനിന്ന് വാങ്ങാനാകും.

ആദ്യമായാണ് ജില്ലാ ജയിലിന് പുറത്ത് ഇത്തരമൊരു ഭക്ഷണ കൗണ്ടർ തുറക്കുന്നത്. ജില്ലയിലുടനീളം കൗണ്ടർ ആരംഭിക്കാനാണ് തീരുമാനം. ഹൈക്കോടതിക്ക് സമീപം ഉടനടി തുടങ്ങും. ഗാന്ധി പ്രതിമയ്ക്ക് സമീപം ആരംഭിച്ച ഭക്ഷണ കൗണ്ടർ ജില്ലാ ജയിൽ സൂപ്രണ്ട് കെ വി ജഗദീശൻ ഉദ്ഘാടനം ചെയ്തു. ബെർണാഡ് നെറ്റോ അധ്യക്ഷനായി. വി എം മൈക്കിൾ, എസ് സാഗരൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top