02 August Monday

കനാലുകൾ ഒരുങ്ങുന്നു; കൊച്ചി സുന്ദരിയാകും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കൊച്ചി > കൊച്ചി നഗരത്തിലെ കനാലുകൾ ഇനി ആഴത്തിലും വീതിയിലും ഒഴുകും. കനാലുകളുടെ വശങ്ങളിൽ നടപ്പാതയും പൂന്തോട്ടവും സൈക്ലിങ്‌ ട്രാക്കുകളും ഒരുക്കി മനോഹരമാക്കും. വിദേശ മാതൃകയിൽ നഗരത്തിലെ ആറു കനാലുകൾകൂടി വികസിപ്പിക്കുന്ന പദ്ധതിയുടെ സർവേ പൂർത്തിയായി.  ഇന്റഗ്രേറ്റഡ്‌ അർബൻ റീജനറേഷൻ ആൻഡ്‌‌ വാട്ടർ ട്രാൻസ്‌പോർട് സിസ്‌റ്റം മാനേജ്‌മെന്റ്‌ പ്രോജക്ടിന്റെ ഭാഗമായാണ്‌ കനാലുകൾ മുഖം മിനുക്കുന്നത്‌. കനാലുകളുടെ വീതി പരമാവധി കൂട്ടുകയാണ്‌ പ്രധാന ലക്ഷ്യങ്ങളിലൊന്ന്‌.

ഇടപ്പള്ളി കനാൽ (11.15 കിലോമീറ്റർ), ചിലവന്നൂർ കനാൽ (‌11.023 കിലോമീറ്റർ), തേവര-–-പേരണ്ടൂർ കനാൽ (9.84 കിലോമീറ്റർ), തേവര കനാൽ (1.41 കിലോമീറ്റർ), എറണാകുളം മാർക്കറ്റ് കനാൽ (0.66 കിലോമീറ്റർ), കോന്തുരുത്തി കനാൽ (0.67 കിലോമീറ്റർ) എന്നിവയാണ് നവീകരിക്കുന്നത്‌.

ചെലവ്‌ 1400 കോടി
1400 കോടിയാണ് പദ്ധതി ചെലവ്. വിശദമായ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്‌. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 636 കോടി രൂപ കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ചിട്ടുണ്ട്‌. പ്രധാന സർവേകൾ പൂർത്തിയായതായി മേൽനോട്ടം വഹിക്കുന്ന കെഎംആർഎൽ അധികൃതർ അറിയിച്ചു.

മുകളിൽനിന്നുള്ള ലിഡാർ സർവേ നടത്തി. കനാലുകളിലേക്ക്‌ എത്തുന്ന അഴുക്കുചാലുകൾ, ‌കൈവഴികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. കനാലിൽ എവിടെ, എത്ര അളവിലാണ്‌ മാലിന്യം കിടക്കുന്നതെന്ന്‌ ഇതുവഴി കണ്ടെത്താനാകും. സാമൂഹ്യ ആഘാതപഠനം, ജലനിലവാര പഠനം എന്നിവ നടത്തി. മണ്ണിന്റെ പ്രത്യേകതകൾ അറിയാനുള്ള ജിയോ ടെക്നിക്കൽ ബോർ-ഹോൾ പരിശോധന പുരോഗമിക്കുകയാണ്.

കെഎംആർഎൽ തയ്യാർ
ഡച്ച്‌ സാങ്കേതിക സഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ്‌ (കെഎംആർഎൽ) പദ്ധതി നടപ്പാക്കുന്നത്‌. ജലനിരപ്പിന്റെ അവലോകനവും പ്രളയസാധ്യത പഠനവും നെതർലൻഡ്‌സിലാണ് നടക്കുന്നത്. ഒക്‌ടോബർ അവസാനത്തോടെ പൂർത്തിയാകും. മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള ചുമതല നെതർലൻഡ്‌സിലെ ആൻഡിയ നെഡർലാൻഡ് എന്ന ഏജൻസിക്കാണ്. കനാൽ വൃത്തിയാക്കൽ, പുനരധിവാസം, മറ്റ് വികസനപദ്ധതികൾ എന്നിവയുടെ രൂപരേഖ കെഎംആർഎൽ തയ്യാറാക്കിക്കഴിഞ്ഞു. വിശദ പദ്ധതി രൂപരേഖയ്‌ക്ക്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഉടൻ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ എംഡി അൽകേഷ്‌കുമാർ ശർമ പറഞ്ഞു.

വരും വാട്ടർ സ്‌പോർട്‌സ്‌
കനാലുമായി ബന്ധപ്പെട്ട്‌ വിനോദ സഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തും. വാട്ടർ സ്‌പോർട്‌സിനായി പ്രത്യേക കോംപ്ലക്‌സ് നിലവിൽ വരും. ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ കനാൽ നവീകരിക്കുന്നതിനൊപ്പം ഇതിനോട് ചേർന്നുള്ള കരഭാഗങ്ങളിലും വികസനമെത്തും. ജലമെട്രോ, റോഡ് ഗതാഗതം, മെട്രോ എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള കനാൽ ഗതാഗതവും പരിഗണനയിലുണ്ട്.

കനാൽ നവീകരണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന ഇരുനൂറ്റമ്പതിലധികം കുടുംബങ്ങൾക്ക്‌ കാക്കനാട് പ്രത്യേകം ഹൗസിങ് കോംപ്ലക്‌സ് നിർമിക്കും. ഏഴര ഏക്കറിലാണ്‌ 650 ചതുരശ്രയടിയിൽ വീടുകൾ നിർമിക്കുക.

വേണം പാരിസ്ഥിതിക അനുമതി
പദ്ധതിപ്രദേശം തീരപരിപാലന നിയമത്തിന്റെ പരിധിയിലാണ്‌. അതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടി പുരോഗമിക്കുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചു. വനംവകുപ്പിൽനിന്ന് വൈൽഡ് ലൈഫ് ക്ലിയറൻസ് ഉടൻ ലഭിക്കും. കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട അനുമതികൾക്കും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top