18 June Friday

ബോട്ടപകടം : മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021


മട്ടാഞ്ചേരി
കടൽക്ഷോഭത്തിൽ ലക്ഷദ്വീപിനുസമീപം തിരയിൽപ്പെട്ട് തകർന്ന മീൻപിടിത്ത ബോട്ടിലെ തൊഴിലാളികളെ കണ്ടെത്തി. ഞായറാഴ്ച രക്ഷാപ്രവർത്തനം തുടരവേ കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് പ്രാഥമിക ചികിത്സ നൽകി ഇവരെ കവരത്തിയിലേക്ക് മാറ്റി. കടൽക്ഷോഭം കുറയുന്നതോടെ നാട്ടിലേക്ക്‌ എത്തിക്കും. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടിനാണ് ബിത്രാ ദ്വീപിനുസമീപം 100 നോട്ടിക്കൽ മൈൽ ദൂരത്ത്‌ ബോട്ട് തകർന്ന് മുങ്ങിയത്‌.

ഒമ്പത് തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു. ലക്ഷദ്വീപ് പൊലീസ്, നാവിക സേന, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കൊച്ചിയിൽനിന്ന് കോസ്റ്റ് ഗാർഡിന്റെ പ്രത്യേക കപ്പലും രക്ഷാപ്രവർത്തനം നടത്തി. ആഴക്കടൽ മീൻപിടിത്തം നടത്തുന്ന തമിഴ്നാട് സ്വദേശി മണിവേലിന്റെ ആണ്ടവർ തുണൈ എന്ന ബോട്ടാണ് കടലിൽ മുങ്ങിയത്‌. കൊച്ചി വൈപ്പിനിൽനിന്ന് ഏപ്രിൽ 29ന് പോയ ബോട്ടിനോപ്പം രാഗേഷ് ഒന്ന്, രാഗേഷ് രണ്ട് എന്നീ ബോട്ടുകളുമുണ്ടായിരുന്നു. ശക്തമായ കടൽ തിരമാലകളിൽപ്പെട്ട ബോട്ടുകൾ ലക്ഷദ്വീപിലേക്ക്  നീങ്ങുകയായിരുന്നു.

കുടെയുള്ള ബോട്ടുകളാണ് ദ്വീപ് അധികൃതരെ അപകടവിവരം അറിയിച്ചത്. തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി.
നാഗപട്ടണം സ്വദേശികളായ ബോട്ട് ഉടമയും സ്രാങ്കുമായ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പൻ, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നിവരെയാണ് കാണാതായത്. കൊച്ചിയിൽനിന്ന് പോയ നൂറോളം ബോട്ടുകളെക്കുറിച്ചും അധികൃതർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റ് നിയന്ത്രണങ്ങൾ എത്തുംമുമ്പേ മീൻപിടിക്കാൻ പോയതാണ് ബോട്ടുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top