30 May Saturday

ചങ്ങല പൊട്ടിക്കാൻ കുസാറ്റ്‌ വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


കൊച്ചി
കോവിഡ്‌–-19 മഹാമാരിയുടെ ചങ്ങല തകർക്കാൻ കൈകോർത്ത്‌ കുസാറ്റ്‌ വിദ്യാർഥികളും. കൈകൾ ശുചിയാക്കാനുള്ള ഹാൻഡ്‌ സാനിറ്റൈസർ സ്വന്തമായി നിർമിച്ചാണ്‌ വിദ്യാർഥികൾ കൊറോണ വൈറസിനെ തുരത്താനുള്ള പോരാട്ടത്തിൽ അണിചേർന്നത്‌. അപ്ലൈഡ്‌ കെമിസ്‌ട്രിയിലെ 22 ഗവേഷണ വിദ്യാർഥികളാണ്‌ ലാബിൽ സാനിറ്റൈസറുകൾ നിർമിച്ചത്‌. ഉദ്ദേശം മുന്നൂറെണ്ണം തിങ്കളാഴ്‌ച കുസാറ്റിലെ വിവിധ വകുപ്പുകളിലും ഓഫീസിലും ഹോസ്‌റ്റലിലും കഫെറ്റീരിയകളിലും വിതരണം ചെയ്‌തു.

ചൊവ്വാഴ്‌ച കുസാറ്റിനുസമീപത്തെ സ്‌കൂളുകളിൽ പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക്‌ സാനിറ്റൈസറുകൾ വിതരണം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യമനുസരിച്ച്‌ കുറഞ്ഞ വിലയ്‌ക്ക്‌ ഇവ ലഭ്യമാക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നതെന്ന്‌ കുസാറ്റ്‌ യുവജനക്ഷേമവകുപ്പ്‌ ഡയറക്ടർ ഡോ. പി കെ ബേബി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ പ്രോട്ടോകോൾപ്രകാരമാണ്‌ സാനിറ്റൈസറുകൾ നിർമിക്കുന്നത്‌. ഇതിൽ 96 ശതമാനം ആൽക്കഹോൾ ചേരുന്നുണ്ട്‌. പ്രോട്ടോകോൾപ്രകാരം കോട്ടും ഗ്ലൗസും ധരിച്ചാണ്‌ ഇവ നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സർക്കാർ ഓഫീസുകളിൽ നടപ്പാക്കുന്ന ‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിനും കൊച്ചി സർവകലാശാലയിൽ തുടക്കമായി. യുവജനക്ഷേമവകുപ്പ് ഓഫീസിൽ സാനിറ്റൈസറും മറ്റ്‌ ശുചീകരണവസ്തുക്കളും സ്ഥാപിച്ച്‌ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top