15 January Friday

റോഡിലെ കുഴിയടച്ചിട്ട്‌ കാണാം: കൊച്ചി നഗരസഭയ്‌ക്ക് ഹൈക്കോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

കൊച്ചി > റോഡിലെ കുഴി യുദ്ധകാലാടിസ്ഥാനത്തിൽ അടയ്‌ക്കണമെന്ന് നഗരസഭയ്‌ക്ക് ഹൈക്കോടതി നിർദേശം. മഴയാണെന്നോ അനുമതികൾ ലഭിച്ചില്ലെന്നോ പറഞ്ഞ് ജോലി മുടങ്ങരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കെ പി അജിത്കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് നിർദേശം.

റോഡുകളുടെ ശോച്യാവസ്ഥ അതിവേഗം പരിഹരിക്കണമെന്ന് ഉത്തരവിറക്കിയശേഷം കരിങ്ങാച്ചിറയിൽ ബൈക്ക് യാത്രികൻ കുഴിയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചതായി കോടതി പറഞ്ഞു. ലോകത്ത് മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഗൗരവത്തിലെടുക്കുന്ന വിഷയമാണിത്. നിർഭാഗ്യവശാൽ ഇവിടെ ഒന്നും നടക്കുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. നല്ല റോഡിൽ സഞ്ചരിക്കാനുള്ള അവകാശം നികുതിദായകർക്കുണ്ട്. പത്തു ദിവസത്തിനകം കലൂർ–-കടവന്ത്ര റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്ന് ജിസിഡിഎയുടെ അഭിഭാഷകൻ അറിയിച്ചു. ഇവർക്ക് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.

ഇടപ്പള്ളിമുതൽ എംജി റോഡ് വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്ക് ടെൻഡർ വിളിച്ചതായി പിഡബ്ല്യുഡി റോഡ്സ്, പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം എന്നിവർക്കുവേണ്ടി ഹാജരായ സീനിയർ ഗവ.പ്ലീഡർ കെ വി മനോജ്കുമാർ കോടതിയെ അറിയിച്ചു. പണി 18നുശേഷം ആരംഭിക്കും. അരൂർഭാഗത്ത് 322 മീറ്റർ റോഡും 28 മീറ്റർ സർവീസ് റോഡും ഇന്റർലോക്കിട്ട് ഗതാഗതയോഗ്യമാക്കി. കുണ്ടന്നൂർ ജങ്ഷനിൽ 35 മീറ്റർ ഭാഗം ഇന്റർലോക്ക് ഇടാനുണ്ട്.  16ന് കെഎസ്ഇബിയുടെ കേബിൾ ഇടൽ പൂർത്തിയാകുന്നതോടെ ഇന്റർലോക്ക് ഇടാനാകും. വൈറ്റില ഭാഗത്തെ പണി ഏഴുദിവസത്തിനകം തീരും. കെഎസ്ഇബി, വാട്ടർ അതോറിറ്റി, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്, ബിപിസിഎൽ, ഇന്ത്യൻ നേവി, റെയിൽ ടെൽ, അദാനി ഗ്രൂപ്പ് തുടങ്ങിയവരുടെ സഹകരണം ജോലി പൂർത്തിയാക്കാൻ ആവശ്യമാണ്

പുതുതായി പണിതീർത്ത റോഡുകൾ കുഴിക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്. ദേശീയതാൽപ്പര്യമുള്ള പദ്ധതികൾ വരുകയാണെങ്കിൽ ബാങ്ക് ഗ്യാരന്റി ഈടാക്കി അനുമതി നൽകേണ്ടി വരും. എല്ലാ ജോലികൾക്കും സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഇനി എംഎൽഎ അധ്യക്ഷനായ സമിതിയുടെ സമ്മതം വേണം. അറ്റകുറ്റപ്പണി നടത്താൻ നേരിടുന്ന കാലതാമസത്തിന് ഉത്തരവാദി പിഡബ്ല്യുഡിയല്ലെന്നും സീനിയർ ഗവ. പ്ലീഡർ  വിശദീകരിച്ചു. കേസ് നവംബർ 29ന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top