19 January Sunday

പാലാരിവട്ടം പാലം : ഭാരപരിശോധന വേണമെന്ന വിധി പുനഃപരിശോധിക്കാന്‍ ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

കൊച്ചി > പാലാരിവട്ടം മേൽപ്പാലത്തിൽ മൂന്നുമാസത്തിനകം ഭാരപരിശോധന നടത്തണമെന്ന ഡിവിഷൻബെഞ്ച് വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി.

ഭാരപരിശോധന നിർബന്ധമായും നടത്തണമെന്ന വ്യവസ്ഥ കരാറിലുണ്ടെന്ന ഡിവിഷൻബെഞ്ച് നിരീക്ഷണം തെറ്റാണെന്ന് സ്റ്റേറ്റ് അറ്റോർണി കെ വി സോഹൻ മുഖേന നൽകിയ ഹർജി പറയുന്നു. സർക്കാരിന് വേണമെന്നു തോന്നിയാൽ മാത്രമേ കരാറുകാരൻ ഭാരപരിശോധന നടത്തേണ്ടതുള്ളൂവെന്നാണ് കരാർ പറയുന്നത്. പാലം അപകടാവസ്ഥയിലാണെന്ന സാങ്കേതിക വിദഗ്‌ധ സമിതിയുടെയും ഐഐടികളുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭാരപരിശോധന നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. അനുവദനീയമായതിനേക്കാൾ വലിയ വിള്ളലുകൾ നിലവിൽ പാലത്തിലുണ്ട്.

വിദഗ്‌ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിച്ച നയത്തിൽ കോടതികൾ ഇടപെടരുതെന്ന് നിരവധി തവണ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ നൽകിയ വിദഗ്‌ധ സമിതി റിപ്പോർട്ടുകളും ഐഐടി പഠനങ്ങളും പരിഗണിക്കാതെയാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. കരാറുകാരായ ആർഡിഎസ് കമ്പനിയുടെയും കിറ്റ്കോയുടെയും വാദങ്ങൾ മാത്രമാണ് കോടതി പരിഗണിച്ചത്. പാലത്തിന്റെ  ഉപരിഘടനയുടെ ബലം അറിയാൻ ഭാരപരിശോധനകൊണ്ട് സാധിക്കില്ല.

പാലം പൂർണമായും പൊളിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. അപകടാവസ്ഥയിലുള്ള ഗർഡറുകളും പിയർ ഹെഡുകളും മാറ്റുക മാത്രമാണ് ചെയ്യുക. കമീഷൻ ചെയ്തതു മുതൽ പാലം അപകടാവസ്ഥയിലാണ്. ഭാരപരിശോധനയ്‌ക്ക് മുന്നുമാസം സമയമെടുക്കും. അതിന് ശേഷമുള്ള അറ്റകുറ്റപ്പണികൾക്ക് ഒമ്പതുമാസവും സമയമെടുക്കും. ഇത് പൊതുജനങ്ങളുടെ ദുരിതം വർധിപ്പിക്കുക മാത്രമേ ചെയ്യു. നിലവിലെ റീഇൻഫോഴ്സഡ് സിമെന്റ് കോൺക്രീറ്റ് (ആർസിസി) ഗർഡറുകളിൽ അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നാണ് കരാറുകാർ വാദിക്കുന്നത്. ഈ ആർസിസി ഗർഡറുകൾ മാറ്റി പ്രി സ്ട്രെസ്സ്ഡ് കോൺക്രീറ്റ് (പിഎസ്‌സി) ഗർഡറുകൾ സ്ഥാപിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ആർസിസി ഗർഡറുകളിൽ അറ്റകുറ്റപ്പണി നടത്തിയാൽ ബാധ്യത പകുതിയായി കുറയുമെന്നതിനാലാണ് കരാറുകാരൻ അറ്റകുറ്റപ്പണിക്കായി വാദിക്കുന്നത്. ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഈ നിർണായക കാര്യം പരിശോധിക്കാതെയാണ് ഹൈക്കോടതി ഭാരപരിശോധനയ്‌ക്ക് ഉത്തരവിട്ടത്. നിർമാണ മേഖലയിലെ പ്രമുഖരായ ഡൽഹി മെട്രോ റെയിൽ കോർപറേഷനെയാണ് സർക്കാർ നിർമാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. ഡിസംബറിലെയും ജനുവരിയിലെയും അനുകൂല കാലാവസ്ഥയിൽ പ്രവൃത്തി നടത്താമെന്നാണ് കരുതുന്നതെന്നും ഹർജി പറയുന്നു. ഡിവിഷൻബെഞ്ച് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനും ഹർജി നൽകിയിട്ടുണ്ട്. ഹർജികൾ ചൊവ്വാഴ്ച കോടതി പരിഗണിച്ചേക്കും.


പ്രധാന വാർത്തകൾ
 Top