18 October Friday

ഇവരുടെ വിവാഹനിശ്‌ചയ വിരുന്ന്‌ ജനറൽ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


കളമശേരി
ഭിന്നശേഷിക്കാരായ പ്രതിശ്രുത വധൂവരന്മാർ വിവാഹനിശ്ചയദിവസം എറണാകുളം ജനറൽ ആശുപത്രിയിലെ ഭക്ഷണവിതരണത്തിന് തുക കൈമാറി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവിനെയാണ് വിവാഹനിശ്ചയച്ചടങ്ങിൽ തുക ഏൽപ്പിച്ചത്.

രാമവർമപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇൻസ്ട്രക്ടർ എം ഗോപകുമാറും കൊച്ചി സർവകലാശാലയിലെ കംപ്യൂട്ടർ അസിസ്റ്റന്റ് കെ മൃദുലയുമാണ് തങ്ങളുടെ വിവാഹനിശ്ചയദിവസം പതിനായിരം രൂപ രോഗികൾക്കുള്ള ഭക്ഷണവിതരണ ചെലവിലേക്ക് കൈമാറിയത്.

ബിടെക് ബിരുദധാരിയായ ഗോപകുമാർ മൂന്നാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് കാലുകളുടെ ശേഷി നഷ്ടപ്പെട്ടയാളാണ്. മൃദുലയ്‌ക്ക് രണ്ടാം വയസ്സിൽ രോഗബാധയെ തുടർന്നാണ് കാലുകൾക്ക് ശേഷിക്കുറവുണ്ടായത്. ഇരുവരും വ്യത്യസ്ത സമുദായ അംഗങ്ങളുമാണ്.

തൃശൂർ ആറാട്ടുപുഴയിൽ പരേതനായ ഗോപാലൻനായരുടെയും പാർവതി അമ്മയുടെയും മകനാണ് ഗോപകുമാർ. മൃദുല കൂത്തുപറമ്പ് മങ്ങാട്ടിടം വീട്ടിൽ പരേതനായ ഭാസ്കരന്റെയും സരോജിനിയുടെയും മകളാണ്. ഇവരുടെ വിവാഹം നവംബർ 10ന് ഗുരുവായൂരിൽ നടക്കും.


പ്രധാന വാർത്തകൾ
 Top