22 October Tuesday

ജലഗതാഗതം കാര്യക്ഷമമാക്കും ;മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


മട്ടാഞ്ചേരി
ജില്ലയിലെ ജലഗതാഗതം കാര്യക്ഷമമാക്കാൻ നടപടികളെടുക്കാൻ ജലവിഭവ മന്ത്രി കൃഷ്ണൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വൈപ്പിൻ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നീ ബോട്ട് ജെട്ടികൾ നവീകരിക്കും. മട്ടാഞ്ചേരി ജെട്ടിയിൽ ബോട്ടുകൾ അടുപ്പിക്കാനായി ഡ്രെഡ‌്ജിങ് ചെയ്യാനും തീരുമാനിച്ചു.

വൈറ്റില -കാക്കനാട് റൂട്ടിൽ ചിറ്റേത്തുകരനിന്ന‌് ഇൻഫോപാർക്കുവരെ രണ്ട‌് കിലോമീറ്റർ ഡ്രെഡ്ജിങ് ചെയ്തു ആഴം വർധിപ്പിക്കും. പുതിയ ബോട്ട് ജെട്ടിയും അടിസ്ഥാന സൗകര്യവും ഒരുക്കും. ഈ പ്രവൃത്തികൾ തീരുന്നമുറയ്ക്ക‌് നിലവിലുള്ള സർവീസ് ഇൻഫോപാർക്കുവരെ നീട്ടുമെന്ന‌് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ അറിയിച്ചു. 

വൈക്കത്തുനിന്ന‌് പുറപ്പെടുന്ന വേഗ 120 സർവീസിന‌് എറണാകുളം കുമ്പളത്ത‌് സ്റ്റോപ്പ് അനുവദിക്കണമെന്ന് എം സ്വരാജ് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. ഈ ഭാഗത്ത‌് ബോട്ട് ജെട്ടി നിർമാണം, ആഴം വർധിപ്പിക്കൽ എന്നിവ കഴിയുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. ഏഴ‌് കറ്റെമെറൻ ബോട്ടുകൾ നിർമാണത്തിലുണ്ടെന്നും രണ്ടെണ്ണം മൂന്ന‌് മാസത്തിനുള്ളിൽ സർവീസ് യോഗ്യമാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. യോഗത്തിൽ എംഎൽഎമാരായ എസ് ശർമ, എം സ്വരാജ്, ജോൺ ഫെർണാണ്ടസ്, കെ ജെ മാക്സി, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ, ട്രാഫിക് സൂപ്രണ്ട് എം സുജിത‌്, അസിസ്റ്റന്റ് വർക്സ് മാനേജർ ജഗദിഷ്  തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top