22 June Tuesday
വീഴ്‌ചമറയ്‌ക്കാൻ നുണപ്രചാരണവുമായി ട്വന്റി 20

കിഴക്കമ്പലത്ത് ഡിസിസി അതിവേഗം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


കിഴക്കമ്പലം
കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന കിഴക്കമ്പലത്ത് ജനകീയ കൊവിഡ് പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഡൊമിസിലിയറി കെയർ സെന്ററിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. താമരച്ചാലിലാണ് 50 കിടക്കകളോടെ ഡിസിസി സജ്ജമാക്കുന്നത്. കഴിഞ്ഞദിവസം കുന്നത്തുനാട് നിയുക്ത എംഎൽഎ പി വി ശ്രീനിജിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഡിസിസി തുടങ്ങാൻ തീരുമാനിച്ചത്. മണ്ഡലത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിൽനിന്ന്‌ കിഴക്കമ്പലമുൾപ്പെടെ നാല്‌ ട്വന്റി 20 പഞ്ചായത്ത്‌ പ്രസിഡന്റുമാരും വിട്ടുനിന്നതിൽ പ്രതിഷേധം വ്യാപകമാണ്.

കിഴക്കമ്പലത്ത് രോഗബാധിതർ 800ഉം മരണസംഖ്യ 80ഉം കടന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. എല്ലാ വിഭാഗത്തെയും കൂട്ടിയോജിപ്പിച്ച് മഹാമാരിയുടെ ദുരിതത്തെ അതിജീവിക്കാനാണ് എംഎൽഎ മുൻകൈയെടുക്കുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന എംഎൽഎക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി ട്വന്റി- 20 കോ–-ഓർഡിനേറ്റർ സാബു എം ജേക്കബ് എത്തിയത് യാഥാർഥ്യം മറച്ചുപിടിക്കാനാണെന്ന് സിപിഐ എം കിഴക്കമ്പലം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.

കിഴക്കമ്പലത്തെ കോവിഡ് പ്രതിരോധം താളംതെറ്റിയ നിലയിലാണ്. ഇതു മറച്ചുപിടിക്കാനാണ് എംഎൽഎയെ വ്യക്തിപരമായി ആക്രമിക്കാൻ സാബു എം ജേക്കബ് മുന്നിട്ടിറങ്ങിയത്. ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ഞാറള്ളൂർ ഗോഡ്സ് വില്ലയിൽനിന്ന്‌ എംഎൽഎ ഇടപെട്ട് ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റിയത് സമീപവാസി ബന്ധപ്പെട്ടതനുസരിച്ചാണ്.  സത്യമിതായിരിക്കെ ഇതുസംബന്ധിച്ച് നടക്കുന്ന പ്രസ്താവനകൾ അവിടെ നടക്കുന്ന കോവിഡ് വ്യാപനം മറച്ചുപിടിക്കുന്നതിനുവേണ്ടിയാണ്. അമ്പുനാട് വാർഡിൽ കോവിഡ് രോഗി തൊഴുത്തിൽ കഴിയേണ്ടിവന്നതിനെ തുടർന്ന് മരണപ്പെട്ടത് പഞ്ചായത്തിന്റെ കടുത്ത അനാസ്ഥമൂലമാണ്. ഡിസിസി സമയബന്ധിതമായി തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാകുമായിരുന്നു. ആശാവർക്കർകൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ നിരുത്തരവാദപരമായ സമീപനമാണ് മരണത്തിലേക്ക് നയിച്ചത്.

   ട്വന്റി 20 കോ–-ഓർഡിനേറ്ററുടെ നുണപ്രചാരണങ്ങൾ പൊതുസമൂഹം തള്ളിക്കളയണമെന്ന് ലോക്കൽ സെക്രട്ടറി ജിൻസ് ടി മുസ്തഫ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top