24 June Monday

എളിമയുടെ സന്ദേശം പകർന്ന് ഓശാന ഞായർ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019


കൊച്ചി
എളിമയുടെ സന്ദേശം പകർന്ന് കഴുതപ്പുറത്തേറി ജറുസലേം ദേവാലയത്തിലേക്ക് യേശുക്രിസ്തു നടത്തിയ രാജകീയ യാത്രയുടെ ഓർമ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. ഓശാന തിരുനാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല പ്രദക്ഷിണവും നടന്നു. ഓശാന ഞായറോടെ വലിയനോമ്പിലെ ശ്രേഷ്ഠമായ പീഡാനുഭവ വാരാചരണങ്ങൾക്കും തുടക്കമായി.

കൊച്ചി സെന്റ് മേരീസ് ബസലിക്കയിൽ നടന്ന ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. നല്ല ഭരണാധികാരികൾ അധികാരത്തിൽ വരാൻ പ്രാർഥിക്കണമെന്ന് ഓശാന ഞായർ സന്ദേശത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പള്ളിക്കര സെന്റ്‌ മേരീസ് കത്തീഡ്രലിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എറണാകുളം സെന്റ‌് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ ശുശ്രൂക്ഷകൾക്ക് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായി. വൈകിട്ട‌് വരാപ്പുഴ അതിരൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വരാപ്പുഴ, മൂവാറ്റുപുഴ, എറണാകുളം - അങ്കമാലി അതിരൂപതകളിലെ വിശ്വാസികൾ ചേർന്ന് കുരിശിന്റെ വഴി നടത്തി.
വോട്ടെടുപ്പുകാലത്തെ ഓശാന ദിനത്തിൽ സ്ഥാനാർഥികളും പള്ളികളിലെ ശുശ്രൂഷകളിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top