25 April Thursday

ഹഷീഷ‌് ഓയിലുമായി ഒഡിഷ‌ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019


കൊച്ചി
അന്തർസംസ്ഥാന മയക്കുമരുന്നുസംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ അറസ‌്റ്റിൽ. ഒഡിഷ സ്വദേശി സൂര്യ സൺ സേത്തി (ചെറി ബൂമർ, -27)നെയാണ‌് ആലുവ റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന‌് 110 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്തു.

ഒഡിഷയിലെ കട്ടക്കിൽനിന്നെത്തിക്കുന്ന മയക്കുമരുന്ന‌് മുൻകൂട്ടി നൽകുന്ന ഓർഡർ അനുസരിച്ചാണ് ആവശ്യക്കാർക്ക് വിറ്റിരുന്നത‌്. കേരളത്തിൽ ട്രെയിനുകളിൽ പരിശോധന കർശനമാക്കിയതോടെ ഇയാൾ കട്ടക്കിൽനിന്ന് ട്രെയിൻമാർഗം ചെന്നൈയിൽ എത്തി അവിടെനിന്ന് ബസിലാണ‌് കേരളത്തിൽ എത്തുന്നത്. ചെറി ബൂമർ എന്നറിയപ്പെടുന്ന ഇയാളുടെ മയക്കുമരുന്നുകൾക്ക് ആവശ്യക്കാർ ഏറെയാണ്. മായം ചേർക്കാത്ത മയക്കുമരുന്നുകളാണ് വിൽപ്പന നടത്തിയിരുന്നതിനാൽ ആവശ്യക്കാർ ഏറി. കട്ടക‌് ടൗണിലെ അലിഗർ ദാദ എന്നയാളിൽനിന്ന‌് മൊത്തമായാണ‌് ഹഷീഷ് ഓയിൽ വാങ്ങുന്നതെന്നും പലതവണ കേരളത്തിൽ കഞ്ചാവും ഹഷീഷ് ഓയിലും ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും ചോദ്യംചെയ്യലിൽ സമ്മതിച്ചതായി ആലുവ റേഞ്ച‌് എക്‌സൈസ് ഇൻസ്‌പെക്ടർ ടി കെ ഗോപി  പറഞ്ഞു.

പാലക്കാട്ടും തൃശൂരും ആവശ്യക്കാർക്ക് ഹഷീഷ് ഓയിൽ നൽകിയശേഷം കൊച്ചി പനമ്പിള്ളി നഗറിൽ ഹഷീഷ്  എത്തിക്കുന്നതിനുവേണ്ടി ഇടനിലക്കാരനായ ‘ഇക്ക' എന്നയാളെ തിരക്കി ഇയാൾ ആലുവ ചൂണ്ടി എന്ന സ്ഥലത്ത് വരുന്നുണ്ടെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക‌്സൈ‌സ‌് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

‘ചെറി ബൂമർ’ എന്ന ലേബലിൽ വിൽക്കുന്ന ഒരു ഗ്രാം ഹഷീഷ് ഓയിലിന് 2500 രൂപയാണ് ഇയാൾ ഈടാക്കുന്നത്. ഇയാളുടെ പിന്നിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലോബിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും ഇൻസ്‌പെക്ടർ പറഞ്ഞു.  ഈ മാസമാദ്യം പത്തു ഗ്രാം ബ്രൗൺ ഷുഗറുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ, സജീവ്കുമാർ, ഷാഡോ ടീമംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ്തു.


പ്രധാന വാർത്തകൾ
 Top