29 February Saturday

സിനിമയുടെ വർത്തമാനത്തിൽ ചൂടുപിടിച്ച്‌ ചർച്ചാവേദി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


കൊച്ചി
മലയാളം സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് ഈ രംഗത്തുള്ളവർ കമ്പോടുകമ്പ്‌ വായിക്കണമെന്ന്‌ സിനിമാ നിരൂപകൻ ജി പി രാമചന്ദ്രൻ. നടിയെ തെരുവിൽ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തവരാണ്   മലയാള സിനിമയിലുള്ളതെന്നും ഈ രംഗത്തെ പുരുഷാധിപത്യത്തെ റിപ്പോർട്ട്‌ തുറന്നുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃതി പുസ്തകോത്സവത്തിൽ സമകാല മലയാള സിനിമ എന്ന  ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഗതകുമാരനിൽ അഭിനയിച്ച പി കെ റോസിയെ പുറത്താക്കിയ പ്രാമാണിത്വത്തോട് യോജിച്ചാണ്‌ മലയാള സിനിമ പിന്നീട് നിലനിന്നത്. അതുകൊണ്ടാണ് ഉറൂബിന്റെ രാച്ചിയമ്മ സിനിമയാക്കുമ്പോൾ കറുത്ത നായികയെ അതരിപ്പിക്കാൻ വെളുത്ത നടിയെ കറുപ്പടിച്ച് കൊണ്ടുവന്നത്‌.

പഞ്ചവടിപ്പാലത്തിൽനിന്ന് ആരംഭിക്കാതെ സന്ദേശത്തിൽനിന്ന് ആരംഭിക്കുന്ന രാഷ്ട്രീയ വിമർശനത്തെയാണ് മലയാളി സ്വീകരിച്ചത്. അതുകൊണ്ടാണ്‌ ജനപ്രതിനിധികൾ വേതനം പറ്റാതെ പണിയെടുക്കണമെന്ന് കൂലി വാങ്ങി സിനിമ ചെയ്യുന്ന ശ്രീനിവാസൻ പറയുന്നതെന്നും ജി പി രാമചന്ദ്രൻ നിരീക്ഷിച്ചു.
ന്യൂജനറേഷൻ തരംഗത്തിലൂടെ സൂപ്പർതാരാനന്തര തലമുറ മലയാള സിനിമയെ മാറ്റിമറിച്ചെന്ന്‌ നിരൂപകൻ സി എസ് വെങ്കിടേശ്വരൻ പറഞ്ഞു. നവമാധ്യകാലത്ത് പ്രേക്ഷകവിപണിയും സിനിമ കാണുന്ന രീതിയും മാറി.  തത്സമയ പ്രേക്ഷകനോടാണ് മലയാള സിനിമ സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമേയപരമായും ആഖ്യാനരീതിയിലും മലയാള സിനിമയിൽ വലിയ മാറ്റമുണ്ടായി. നായകന്റെ ബാല്യം, ഓർമ, പകവീട്ടൽ തുടങ്ങി വലിയ ക്യാൻവാസിൽനിന്ന് സ്ഥലരാശിയിലേക്ക് ചുവടുമാറി. ഒരു ദിവസത്തെ കഥ, ഒരു യാത്ര തുടങ്ങിയ ചടുലമായ വർത്തമാനകാല സംഭവങ്ങളിലേക്കുള്ള മാറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റു ഭാഷകളിൽ ‘ആർട്ടിക്കിൾ 15’ പോലുള്ള സിനിമകൾ ഉണ്ടാകുകയും വാണിജ്യവിജയം നേടുകയും ചെയ്‌തപ്പോൾ മലയാളത്തിൽ അങ്ങനെയൊരു ശ്രമംപോലും ഉണ്ടായില്ലെന്ന്‌ ചലച്ചിത്ര ഗവേഷകൻ ജിനേഷ് എരമം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top