02 June Tuesday

വാർധക്യമോ ! ഇട്ടിയച്ചനെ വിരട്ടാൻ വരല്ലേ...

വി പി ഡെന്നിUpdated: Monday Oct 14, 2019വരാപ്പുഴ
അക്വേറിയങ്ങളും അലങ്കാരമത്സ്യങ്ങളും തേടി   എത്തുന്നവരെ സ്വീകരിക്കാൻ പുത്തൻപള്ളിയിലെ  പുതുശേരി തറവാടിന്റെ  പൂമുഖത്ത്‌  പുഞ്ചിരിയോടെ ഇട്ടിയച്ചൻ ഹാജരുണ്ടാവും.    കച്ചവടകാര്യങ്ങൾ  മകൻ ജയിംസും പേരക്കുട്ടികളും ചേർന്നു നടത്തുമെങ്കിലും നിയന്ത്രണം  ഇട്ടിയച്ചൻ തന്നെ.  ചെറുപ്രായത്തിൽ തന്നെ കൊളസ്‌ടോൾ, ഷുഗർ എന്നൊക്കെ പറഞ്ഞ്‌ ആശുപത്രികളിലേക്കു പായുന്നവർ ഇട്ടിയച്ചന്റെ പ്രായം കേട്ടാൽ ഞെട്ടും. അടുത്ത മെയ്‌ 24ന്‌  105–ാം പിറന്നാളിന്റെ കേക്ക്‌ ഇട്ടിയച്ചൻ മുറിക്കും.

അലങ്കാരമത്സ്യ വിപണി കേരളത്തിന് പരിചയപ്പെടുത്തിയവരിൽ പ്രധാനിയാണ്‌ ഇട്ടിയച്ചൻ.  ഒരുപാട് സെലിബ്രിറ്റി കസ്റ്റമേഴ്സ്‌ ഇപ്പോഴും  ഇട്ടിയച്ചനുണ്ട്.   ഈ  ‘ലിറ്റിൽ ഫ്ലവർ അക്വേറിയവും’  ’ഏയ്ഞ്ചൽ ഹൗസും’ അലങ്കാര മത്സ്യങ്ങളുടെ ആധികാരിക സംരംഭങ്ങളായിരുന്ന കാലം ഉണ്ടായിരുന്നു.

പറവൂർ താലൂക്കിൽ രണ്ട് ഡ്രൈവിങ്‌  ലൈസൻസ് നേടിയ ആദ്യത്തെ വ്യക്തിയാണ്ഇട്ടിയച്ചൻ. സാധാരണ ലൈസൻസിനു പുറമേ അന്നത്തെ പ്രൊഫഷണൽ ലൈസൻസും അദ്ദേഹം നേടി. ജർമൻ നിർമിത “ വാക്സോൾ “ കാറിൽ പായുന്ന ഇട്ടിയച്ചനെ ആരാധനയോടെ നാട്‌  വീക്ഷിച്ചു.

പുത്തൻപള്ളി സെന്റ് ജോർജ് സ്‌കൂൾ, ആലുവ സെന്റ് മേരീസ് സ്‌കൂൾ, യുസി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.  എറണാകുളത്തെ ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ടൈപ്പ്റൈറ്റിങ്ങും ഷോർട്ട്ഹാൻഡും അഭ്യസിച്ചു. എറണാകുളം ബോട്ട് ജെട്ടിയിൽ അന്നുണ്ടായിരുന്ന പാർക്ക് റസ്റ്റോറന്റിൽ  മാനേജർ പദവിയിൽ ആയിരുന്നു ആദ്യ ജോലി. പതിനഞ്ച് രൂപയായിരുന്നു പ്രതിമാസ ശമ്പളം. പിന്നീട് കോട്ടയത്തും കോതമംഗലത്തും റബർ ബിസിനസിൽ ഒരു കൈ പയറ്റി . അക്കാലത്ത് കോട്ടയം–-കോതമംഗലം റൂട്ടിൽ ലോറിയോടിക്കാനും സമയം കണ്ടെത്തി. തുടർന്നാണ് അലങ്കാരമത്സ്യ വിപണന രംഗത്തെത്തിയത്. അത്‌ ഇപ്പോഴും തുടരുന്നു.

രാവിലെ ആറിന്  ഉണരും. പിന്നെ ബ്രേക്‌ഫാസ്‌റ്റും  പത്രപാരായണവും പാട്ടു കേൾക്കലും.   അതു കഴിഞ്ഞാൽ മുൻവശത്തെ വരാന്തയിലെ കസേരയിലേക്ക്. പുറത്തെ കാഴ്‌ചകൾ കണ്ടും സന്ദർശകരോട്‌ കുശലം പറഞ്ഞും പ്രകാശം പരത്തി ആ ദിനചര്യ നീളും.  ഇട്ടിയച്ചന്‌ കട്ട സപ്പോർട്ടായി 96കാരി ഭാര്യ മറിയം കുട്ടിയും സദാ പൂമുഖത്തുണ്ട്‌. 

മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയുണ്ടെങ്കിലും ദൈനംദിന കുടുംബകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന കുടുംബനാഥന്റെ റോൾ ഇന്നും  ഇട്ടിയച്ചനാണ്. ജെയിംസ്, സിസ്റ്റർ ജെസി, സിസ്റ്റർ ലീന, റോസ്‌ലന്റ്‌,  ആനി എന്നിങ്ങനെ ആറു മക്കളാണ്‌ ഇട്ടിയച്ചൻ–-- മറിയം കുട്ടി ദമ്പതികൾക്ക്.  ഭാര്യ മറിയംകുട്ടിയും  ഇളയ മരുമകൾ സിസി ജെയിംസും ഇട്ടിയച്ചനെ പരിചരിച്ച്‌ ഒപ്പമുണ്ട്‌.  മലയാറ്റൂർ  മംഗലി കുടുംബാംഗമാണ് മറിയംകുട്ടി.  അല്പം കാഴ്ചക്കുറവുണ്ടെന്നതൊഴിച്ചാൽ ഇട്ടിയച്ചന്‌  കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.  പഴയ പോരാളിയുടെ വീര്യം ഇപ്പോഴും ഇട്ടിയച്ചനിലുണ്ട്‌.  

അക്വേറിയത്തിന്റെ പേരിൽ വരുന്ന കത്തുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന്‌ ഇട്ടിയച്ചന്‌   ഒരിക്കൽ തോന്നി.  തപാൽ വകുപ്പിന്റെ കാര്യക്ഷമത പരീക്ഷിക്കുവാൻ അതോടെ തീരുമാനിച്ചു.  സ്വന്തം  വിലാസമെഴുതിയ പോസ്റ്റ് കാർഡുകൾ,  വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നവരുടെ കൈവശം തപാൽ പെട്ടികളിൽ നിക്ഷേപിക്കുവാൻ കൊടുത്തയച്ചു തുടങ്ങി. അത്‌ ഇപ്പോഴും തുടരുന്നു. സുഹൃത്തുക്കൾ വളരെ കുറവായിരുന്ന ഇട്ടിച്ചന്  പക്ഷെ ഉണ്ടായിരുന്ന ചങ്ങാതിമാർ ആത്മ മിത്രങ്ങളും. സഹപാഠിയും ഗ്രന്ഥകാരനുമായിരുന്ന ഒളനാട് വിതയത്തിൽ പരേതനായ വി എ ജോസഫ്, അൽഫോൻസ പ്രസ് സ്ഥാപകൻ ചക്യത്ത് കൊച്ചാപ്പു എന്നിവരെക്കുറിച്ചെല്ലാം പറയുമ്പോൾ വാക്കുകൾ കത്തിക്കയറും.


പ്രധാന വാർത്തകൾ
 Top