19 July Friday

ആദിത്യനും അർച്ചനയ‌്ക്കും കെഎസ‌്ടിഎയുടെ സ‌്നേഹവീട‌് ; താക്കോൽദാനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


വൈപ്പിൻ
അകാലത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നുകൾക്ക് സ‌്നേഹവീടൊരുക്കി അധ്യാപക സംഘടനയായ കെഎസ്ടിഎ. കുഴുപ്പിള്ളി  അയ്യമ്പിള്ളി പണിക്കപ്പറമ്പിൽ ഉത്തമൻ–-ഉഷ ദമ്പതികളുടെ മക്കളായ ആദിത്യനും അർച്ചനയ്ക്കുമാണ് വീട‌് നിർമിച്ച‌് നൽകുന്നത്.

നാലുവർഷം മുമ്പ് ഉഷ കുഴഞ്ഞുവീണ‌് മരിക്കുകയായിരുന്നു. പെയിന്ററായിരുന്ന ഉത്തമൻ രണ്ടുവർഷം മുമ്പ് ചെറായിയിൽ ജോലിക്കിടെ കെട്ടിടത്തിൽനിന്ന‌് വീണ‌് മരിക്കുകയായിരുന്നു. പിന്നീട‌് കുട്ടികൾ ഉത്തമന്റെ സഹോദരൻ ശശിയുടെ സംരക്ഷണയിലായിരുന്നു. ആദിത്യൻ ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിൽ ഒമ്പതാംക്ലാസിലും അർച്ചന അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. 482 ചതുരശ്രയടിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം ശനിയാഴ‌്ച 12.30ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിർവഹിക്കും. ആറരലക്ഷം രൂപയാണ് നിർമാണച്ചെലവ്. കെഎസ്ടിഎ 27–--ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കിയ “കുട്ടിക്കൊരു ഭവനം പദ്ധതി” അനുസരിച്ചാണ‌് വീട‌് നിർമിച്ചത‌്.  ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ഷനോജ്കുമാർ കൺവീനറായ കമ്മിറ്റിക്കായിരുന്നു നിർമാണത്തിന്റെ മേൽനോട്ടം.
 കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എസ‌്എസ‌്എൽസി പ്ലസ‌്ടു പരീക്ഷയിൽ  മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിക്കും. സ്വാഗതസംഘം ചെയർമാൻ സി കെ മോഹനൻ അധ്യക്ഷനാകും. പരിപാടിയിൽ 2018ലെ മഹാപ്രളയത്തിന്റെ അനുഭവങ്ങളെയും അതിജീവനത്തെയും ആധാരമാക്കി മികച്ച കൈയെഴുത്ത‌് മാസികകൾ പ്രസിദ്ധീകരിച്ച സ‌്കൂളുകൾക്കുള്ള അവാർഡ് എസ് ശർമ എംഎൽഎ നൽകും.

വൈപ്പിൻ സബ്ജില്ലയിലെ സ്കൂളുകളിൽ കെഎസ്ടിഎ നടപ്പാക്കുന്ന ദേശാഭിമാനി എന്റെ പത്രം പദ്ധതിയുടെ ഉദ്ഘാടനം കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണനും പഠനോപകരണ വിതണം കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാറും നിർവഹിക്കും. രാവിലെ 10 മുതൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിന് പ്രശസ്ത കരിയർ കൺസൾട്ടന്റ് അനീഷ് വർഗീസ് നേതൃത്വം നൽകും.


പ്രധാന വാർത്തകൾ
 Top