17 June Monday
ബൈക്ക‌് യാത്രികർ അപകടത്തിൽപ്പെട്ടു

ഭൂതത്താൻകെട്ട്, ഇടമലയാർ, വടാട്ടുപാറ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


കോതമംഗലം
ശക്തമായ മഴയിൽ റോഡും കലുങ്കം തകർന്ന‌് ഭൂതത്താൻകെട്ട്, ഇടമലയാർ, വടാട്ടുപാറ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഭൂതത്താൻകെട്ട് ജംഗിൾ പാർക്കിന് സമീപമാണ് റോഡ് പാടെ തകർന്നത്. കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻകഴിയാത്ത രീതിയിൽ റോഡ് ഇടിഞ്ഞ് 10 മീറ്ററിലേറെ താഴേയ്ക്ക് പതിച്ചിരിക്കുകയാണ്.
ബുധനാഴ‌്ച  പുലർച്ചെ അഞ്ചിനുശേഷമാണ് റോഡ് തകർന്നത‌്. റോഡ് തകർന്നതറിയാതെ പുലർച്ചെ  ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാർ താഴേക്കു പതിച്ച് അപകടത്തിൽപ്പെട്ടിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റ ഐപ്പിള്ളിൽ ജയൻ (36), സഹോദരൻ വിജയൻ (33) എന്നിവരെ ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചത്.

കലുങ്കിനോടു ചേർന്ന് 40 മീറ്ററോളം  റോഡ് ഇടിഞ്ഞ് താഴ‌്ന്നതോടെ  വടാട്ടുപാറ, ഇടമലയാർ ഭാഗത്തുള്ളവർ കോതമംഗലത്ത് എത്തിച്ചേരാൻ മാർഗമില്ലാതെ  ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തെ പുറംലോകവുമായി ബന്ധപ്പെടുത്തിയിരുന്ന പ്രധാന പാതയാണ‌് തകർന്നത‌്.

ചികത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി കോതമംഗലം ഭാഗത്തേക്ക‌് തിരിച്ചവരും, വാടാട്ടുപാറ ഭാഗത്തേക്ക‌് പോകേണ്ടവരുമായ നിരവധി പേർ റോഡിന്റെ ഇരുപുറവുമായി അകപ്പെട്ടു. സ്ഥലത്തിയ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചു.  എംഎൽഎ  പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. കലുങ്ക് തകർന്ന ഭാഗത്ത് മക്ക് നിറച്ചും പൈപ്പ് വിരിച്ചും താൽക്കാലിക പാലം യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കും. തുടർന്ന് ഈ റൂട്ടിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയും. രാത്രി പൈപ്പിടൽ പണി തീർക്കും. വ്യാഴാഴ‌്ച രാവിലെതന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top