29 January Saturday

കീറച്ചാക്കിലൂടെ 
ചോരുന്നത്‌ അന്നമാണ്‌

സി എൻ റെജിUpdated: Friday Jan 14, 2022

എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ കീറിയ ചാക്കിൽ നിറച്ച അരി പെരുമ്പാവൂരിലെ സപ്ലൈകോ സംഭരണ കേന്ദ്രത്തിലെത്തിച്ചപ്പോൾ


കൊച്ചി
കീറിപ്പൊളിഞ്ഞ ചാക്കിലൂടെ ചോർന്നുപോകുന്ന അരിയും ഗോതമ്പും. പകുതിയാകുന്ന ചാക്കുകൾ നിറയ്‌ക്കാൻ പണച്ചെലവും അധ്വാനവും വേറെ. ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ (എഫ്‌സിഐ)യുടെ ഗോഡൗണിൽനിന്ന്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ (സപ്ലൈകോ) സംഭരണ കേന്ദ്രങ്ങളിലേക്ക്‌ എത്തുന്ന അരിയും ഗോതമ്പും പലവ്യഞ്ജനങ്ങളും ചാക്കിന്റെ ഗുണനിലവാരമില്ലായ്മമൂലം പാഴായിപ്പോകുകയാണ്‌.

ഗുണനിലവാരമുള്ള ചണച്ചാക്കുകൾ എഫ്‌സിഐ പരിശോധിച്ച്‌ ഉറപ്പാക്കിയശേഷമാണ്‌ ധാന്യങ്ങൾ നിറയ്‌ക്കാൻ നൽകേണ്ടത്‌. എന്നാൽ, മാസങ്ങളായി സപ്ലൈകോ ഗോഡൗണുകളിലെത്തുന്ന ചാക്കുകളിൽ പകുതിയും കീറിയും തുളവീണും നശിച്ചവയാണ്‌. ഇത്തരം ചാക്കുകളിൽനിന്ന്‌ അരിയും ഗോതമ്പും നിലത്തുവീണ്‌ പാഴാകുന്നത്‌ പതിവാണ്‌. എഫ്‌സിഐ അങ്കമാലി, കൊച്ചി ഗോഡൗണുകളിൽനിന്നാണ്‌ ലോറിയിൽ സപ്ലൈകോ കേന്ദ്രങ്ങളിലേക്ക്‌ ധാന്യമെത്തിക്കുന്നത്‌.

ഇരുനൂറ്‌ ചാക്കാണ്‌ ലോറിയിൽ കയറ്റുന്നത്‌. ഇതിൽ 15 മുതൽ 20 ചാക്കുകൾവരെ കീറിപ്പൊളിഞ്ഞവയാകും. ഗോഡൗണിൽ കയറ്റിറക്കിനിടെ ചാക്കിലൂടെ ചോരുന്ന അരിയും ഗാേതമ്പും മണ്ണുപറ്റാതിരിക്കാൻ ടർപോളിനോ പ്ലാസ്‌റ്റിക്‌ പായകളോ വിരിച്ച്‌ ശേഖരിക്കും. പകുതിയായ ചാക്ക്‌ റേഷൻകടക്കാർ എടുക്കില്ല. നശിച്ച ചാക്ക്‌ മാറ്റി പുതിയ ഒരോ ചാക്കിലും കൃത്യമായ അളവിൽ സാധനങ്ങൾ നിറയ്‌ക്കുന്നത്‌ സപ്ലൈകോയുടെ ചെലവിലാണ്‌. ഇതിനായി കൂടുതൽ തൊഴിലാളികളെയും നിയോഗിക്കേണ്ടി വരുന്നു. ഇത്‌ സപ്ലൈകോയ്‌ക്ക്‌ ഇരട്ടി ചെലവുണ്ടാക്കുന്നു.

എഫ്‌സിഐക്ക്‌ പലതവണ കത്ത്‌ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ്‌ സപ്ലൈകോ അധികൃതർ പറയുന്നത്‌. അങ്കമാലിയിലെ എഫ്‌സിഐ ഗോഡൗണിൽനിന്നെത്തുന്ന ചാക്കുകളാണ്‌ ഗുണനിലവാരമില്ലാത്തവയിൽ അധികവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top