05 December Thursday

മാലിന്യമില്ല, ഇനി ഇവിടം സ്വർഗം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


കൊച്ചി
‘ഇവിടെ മാലിന്യം എറിയരുത്‌’ പൂണിത്തുറ മിനി ബൈപാസിലൂടെ സഞ്ചരിക്കുന്നവർ പൂർണിപ്പുഴയുടെ തീരത്ത്‌ ഇങ്ങനെ എഴുതിവച്ചിരുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടാകും. രാത്രി  ഈ വഴി പോയിരുന്നവർ മാലിന്യം വലിച്ചെറിയാനാണ്‌ ഇവിടെ വണ്ടി നിർത്തിയിരുന്നത്‌. മാലിന്യക്കൂമ്പാരമായിരുന്ന ഈ സ്ഥലം ഇപ്പോൾ ഗാന്ധി സ്‌ക്വയർ മിനി പാർക്ക്‌ ആൻഡ്‌ ഓപ്പൺ തിയറ്ററാണ്‌. വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും കലാപരിപാടികൾ ആസ്വദിക്കാനും ഇനി ഇവിടം വേദിയാകും.

നദിയുടെ തീരത്തുള്ള 26 സെന്റിൽ കൊച്ചി കോർപറേഷന്റെയും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെയും അതിർത്തിയിലാണ്‌ മനോഹരമായ പാർക്ക്‌ നിർമിച്ചത്‌. 30 ലക്ഷം രൂപ ചെലവിലാണ്‌ സൗന്ദര്യവൽക്കരിച്ചതും സൗകര്യങ്ങളൊരുക്കിയതും.

സ്ഥലത്തിന്റെ ഒരു ഭാഗം അന്യാധീനപ്പെട്ട്‌ കിടക്കുകയായിരുന്നു. താലൂക്കിൽ പരാതി നൽകി സ്വകാര്യ കൈയേറ്റം ഒഴിപ്പിച്ചു. മറ്റൊരു നാലു സെന്റ്‌ വേറൊരു സ്വകാര്യ വ്യക്തിയുടേതായിരുന്നു. കലക്ടർ നിശ്‌ചയിച്ച വില കൊടുത്ത്‌ അതും കോർപറേഷൻ വാങ്ങി. പാർക്ക്‌ നിർമിച്ചയിടത്ത്‌ പൊതുമരാമത്തു വകുപ്പിന്റെ സ്ഥലവുംകൂടി ഉൾപ്പെടുന്നുണ്ട്‌. വകുപ്പിന്റെ അനുമതിയോടു കൂടിയാണ്‌ പാർക്ക്‌ നിർമിച്ചതെന്ന്‌ കൗൺസിലർ വി പി ചന്ദ്രൻ പറഞ്ഞു.

സന്ദർശകർക്ക്‌ വിശ്രമിക്കാനുള്ള ഇരുമ്പു ബഞ്ചുകൾ, പുൽത്തകിടി, പൂന്തോട്ടം എന്നിവ പാർക്കിന്‌ ഭംഗിയേറ്റുന്നു. വാർഡ്‌ സഭാകേന്ദ്രവും ഇ–-ഗവേണൻസ്‌ സെന്ററും പാർക്കിനോട്‌ ചേർന്ന്‌ നിർമിച്ചിട്ടുണ്ട്‌. ആധുനിക രിതീയിലുള്ള കഫറ്റീരിയ ഉടൻ തുടങ്ങും. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ഓപ്പൺ തിയറ്ററാണ്‌ ഹൈലൈറ്റ്‌. പ്രൊഫഷണൽ പരിപാടികൾ അവതരിപ്പിക്കാൻ സൗകര്യമുള്ള സ്‌റ്റേജാണ്‌ ഒരുക്കിയത്‌. ഈ മാസം അവസാനത്തോടെ പാർക്ക്‌ ജനങ്ങൾക്ക്‌ തുറന്നുകൊടുക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top