കൊച്ചി
നഗരത്തിലും സമീപത്തുമുള്ള കനാലുകൾ ബന്ധിപ്പിച്ച് ഗതാഗതയോഗ്യമാക്കുന്ന ‘ഇന്റഗ്രേറ്റഡ് അർബൻ റീ ജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം’ പദ്ധതി സംബന്ധിച്ച് പുതുക്കിയ വിശദ പദ്ധതി റിപ്പോർട്ട് വീണ്ടും സമർപ്പിച്ചു. അണ്ണാ സർവകലാശാലയുടെ അംഗീകാരമുള്ള റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ), കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് കൈമാറി.
ഇടപ്പള്ളി, മാർക്കറ്റ്, തേവര, തേവര--–-പേരണ്ടൂർ, ചിലവന്നൂർ, കോന്തുരുത്തി കനാലുകളാണ് വികസിപ്പിക്കുന്നത്. 2021 ഡിസംബർ 17ന് ചേർന്ന യോഗത്തിൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി നൽകിയ നിർദേശപ്രകാരമാണ് പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചത്. പദ്ധതി സംബന്ധിച്ച അന്തിമാനുമതി നൽകേണ്ടത് കേന്ദ്ര പരിസ്ഥിതി–-വനം മന്ത്രാലയമാണ്. ഇതിനായി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി ശുപാർശ സമർപ്പിക്കണം.
പദ്ധതി കഴിയുന്നത്ര വേഗം നടപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ അത്യാധുനിക മാലിന്യനിർമാർജന പ്ലാന്റ് കൊച്ചിക്കായി സ്ഥാപിക്കാൻ കഴിയും. മലിനീകരണ നിയന്ത്രണ ബോർഡ്, വന്യജീവി വകുപ്പ്, കൊച്ചി നഗരസഭ, തണ്ണീർത്തട അതോറിറ്റി എന്നിവയുടെ അനുമതി ലഭിച്ചു. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തത വരുത്തി. പ്രളയം നിയന്ത്രിക്കാനായി കനാലുകളിൽ ലോക് ഗേറ്റ് സ്ഥാപിക്കാനുള്ള പദ്ധതി കെഎംആർഎൽ ഉപേക്ഷിച്ചു. മാർക്കറ്റ് കനാൽ, ഇടപ്പള്ളി കനാൽ എന്നിവയുടെ കാര്യത്തിലാണ് ഇപ്പോൾ മുഖ്യപരിഗണന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..