14 December Saturday

മരട്‌ ഫ്ലാറ്റ്‌ : ബാക്കി തുകയ്‌ക്കും അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


കൊച്ചി
മരടിലെ ഫ്ലാറ്റുടമകളിൽ പ്രാഥമിക നഷ്ടപരിഹാരം 25 ലക്ഷംരൂപ ലഭിച്ചവർക്ക്‌  ബാക്കി തുകയ്‌ക്കായി അപേക്ഷ നൽകാമെന്ന്‌ ജസ്‌റ്റിസ്‌ കെ ബാലകൃഷ്‌ണൻ നായർ അധ്യക്ഷനായ സമിതി അറിയിച്ചു. അപേക്ഷകൾ രണ്ടാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം ഉൾപ്പെടെ മരട്‌ നഗരസഭയിൽ നൽകാനും  നിർദേശിച്ചു.

തീരുമാനം ഫ്ലാറ്റുടമകളെ അറിയിക്കാൻ നഗരസഭ നടപടിയെടുക്കണം. ഫ്ലാറ്റ്‌ നിർമാതാക്കളായ ജെയിൻ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസിന്റെ മരവിപ്പിച്ച ബാങ്ക്‌ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന അപേക്ഷ സമിതി അംഗീകരിച്ചു. സമിതിയുടെ പേരിൽ എസ്‌ബിഐയിലുള്ള അക്കൗണ്ടിലേക്ക്‌ 5.28 കോടിരൂപ കൈമാറാനാണ്‌ അപേക്ഷ നൽകിയത്‌. ഈ തുക നിക്ഷേപിക്കാൻ മാത്രമായാണ്‌ അക്കൗണ്ട്‌ വീണ്ടും തുറക്കാൻ അനുമതി നൽകിയത്. ഇക്കാര്യം കമ്പനിക്ക്‌ അക്കൗണ്ടുള്ള കാരൂർ വൈശ്യ ബാങ്കിനെയും പനങ്ങാട്‌ പൊലീസിനെയും അറിയിക്കും. ആദ്യം രണ്ടുകോടിയും പിന്നീട്‌ 3.28 കോടിയും സമിതിക്ക്‌  കൈമാറാമെന്ന്‌ ജെയിൻ കമ്പനി സമ്മതിച്ചിരുന്നു.

ഒരേ ഫ്ലാറ്റിന്‌ നഷ്ടപരിഹാരം തേടി രണ്ട്‌ അവകാശികളെത്തിയതും സമിതി പരിശോധിച്ചു. ഗോൾഡൻ കായലോരം ഫ്ലാറ്റ്‌ നമ്പർ ജി–-10എ ഉടമ ഇ എം ബാബുവും ഫ്ലാറ്റ്‌ മേൽനോട്ടക്കാരനായ ബിസിൻ ടി കുമാറുമാണ്‌ അപേക്ഷകളുമായി എത്തിയത്‌. ബാബു നഷ്ടപരിഹാരം വാങ്ങുന്നതിനെതിരെ റസിഡൻസ്‌ അസോസിയേഷനും ബിസിനും സമിതിയെ സമീപിക്കുകയായിരുന്നു. ബാബു വർഷങ്ങളായി ഗൾഫിലാണ്‌. ബിസിനെ ഫ്ലാറ്റ്‌ നോക്കാനാണ്‌ ചുമതലപ്പെടുത്തിയിരുന്നത്‌. ഫ്ലാറ്റിന്റെ പവർ അറ്റോർണി തനിക്കാണെന്ന്‌ ബിസിൻ അവകാശപ്പെട്ടു. ബാബുവാണ്‌ ഫ്ലാറ്റ്‌ വാങ്ങിയതെന്ന്‌ നിർമാതാക്കൾ സമിതിയെ അറിയിച്ചു. റസിഡൻസ്‌ അസോസിയേഷന്‌ കാലകാലങ്ങളായി ബാബു നൽകാനുള്ള തുക മുടങ്ങിയതാണ്‌ അസോസിയേഷന്റെ പരാതിക്കിടയാക്കിയത്‌. രേഖകൾ പരിശോധിച്ച സമിതി ബാബുവിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.

ജെയിൻ കോറൽ കേവിലെ നാല്‌ ഫ്ലാറ്റുകൾക്കായി രണ്ട്‌ ഉടമകൾ നഷ്ടപരിഹാര അപേക്ഷ നൽകി. ഇരുവരും ചേർന്നാണ്‌ ഫ്ലാറ്റുകൾ വാങ്ങിയത്‌. എന്നാൽ, വിൽപ്പന കരാറോ സത്യവാങ്‌മൂലമോ ഹാജരാക്കാനായില്ല. യഥാർഥ ഒപ്പും അപേക്ഷയിലുണ്ടായില്ല. ആവശ്യമായ രേഖകൾസഹിതം വീണ്ടും അപേക്ഷ നൽകാൻ സമിതി നിർദേശിച്ചു. രേഖകളില്ലാത്ത മറ്റൊരു അപേക്ഷ 19ന്‌ പരിഗണിക്കാൻ മാറ്റി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top