14 December Saturday

സാഹിദിനുണ്ട്‌ ആയിരം കിളിക്കൂട്ടുകാർ

വി ടി ശിവൻUpdated: Tuesday Nov 12, 2019


തൃക്കാക്കര
അടക്കം  പറഞ്ഞും ചുണ്ടുരുമ്മിയും കൂട്ടിൽ കഴിയുന്ന കിളികൾ  പാലച്ചുവട് പുതിയാത്ത് പറമ്പിൽ സാഹിദിന്‌ പത്തു വർഷമായി കൂട്ടുകാരാണ്‌. മകന് തോന്നിയ ഒരു പക്ഷിക്കമ്പം നിവൃത്തിയില്ലാതെ ഏറ്റെടുത്തതാണ്‌. പക്ഷേ,  ഇപ്പോൾ  അവയോടൊപ്പമുള്ള ജീവിതം, ജീവിതത്തിന്റെ ഭാഗമായെന്നാണ്‌ സാഹിദ്‌ പറയുന്നത്‌. സംഗതി വരുമാനമാർഗം കൂടിയായതോടെ  മകനോടുള്ള അരിശവും തീർന്നു.

പത്ത് ലൗവ് ബേഡ്സിനെ മകൻ വാങ്ങിക്കൊണ്ടുവന്നതുതന്നെ സാഹിദിന്‌ പിടിച്ചിരുന്നില്ല. കുറേനാൾ സംരക്ഷിച്ചപ്പോൾ മകന്റെ കമ്പം തീർന്നു. തുടർന്ന്‌,   സാഹിദ്‌ അവയുടെ സംരക്ഷകനായി. അതോടെ ഒരു പുതിയ ജീവിതത്തിനും ചിറകുമുളച്ചു.  ജീവിതം ഇപ്പോൾ  കിളികളെ ചുറ്റിപ്പറ്റിയാണ്. പല വലിപ്പത്തിലുള്ള കൂടുകൾ. അവ നിറയെ കിളികൾ. ആയിരത്തോളം കിളികളാണ് കൂട്ടിലുള്ളത്. അരളി, റെഡ് ഐ, വൈറ്റ് ഫിഞ്ചസ് സീബ്ര, വൈറ്റ്, ജംബോ, ഫ്ലോറിഡ, ബ്ലാക്ക് ചീക്ക്, ബ്ലാക്ക് ബ്രസ്റ്റ് എന്നിങ്ങനെ ലൗ ബേർഡുകളുടെ നിര.  ഗ്രീൻപീച്ച്, എല്ലോ പീച്ച്, ലുട്ടി നോ പീച്ച്, എല്ലോ ഫിഷർ, ഗ്രീൻ ഫിഷർ, ലുട്ട് നോ ഫിഷർ, മാവോ, ബ്ലൂ മാസ്ക്ക് എന്നിങ്ങനെയുള്ള ആഫ്രിക്കക്കാർ. ഗ്രേ, സിൽവർ, ഗോൾഡ്, വൈറ്റ് എന്നിങ്ങനെ  ‘ജാവ’ കൾ.  ക്രോക്ക്ടൈൽ ഇനത്തിലുള്ള ഗ്രേ, മഞ്ഞ, ലുട്ട്നോ, പോൾ, വൈറ്റ് ഫേസ് എന്നിവയും കൂടിന്‌ നിറഭംഗി നൽകുന്നു. 

രാവിലെ ഏഴുമുതൽ തുടങ്ങും പരിചരണം. കൂട് വൃത്തിയാക്കിയശേഷം തീറ്റ.    തിന മണികൾ കൊത്തിത്തിന്നും ചിലച്ചും കിളികൾ തിമിർക്കുമ്പോൾ സാഹിദിന്റെ മനസ്സും നിറയും. സൂര്യകാന്തി വിത്ത്, നെല്ല് എന്നിവയും കോഴിമുട്ട പുഴുങ്ങി  പൊടിച്ചതും റസ്ക് പൊടിയും ക്യാരറ്റും ക്യാബേജും  ചേർത്തിളക്കിയ മിശ്രിതവുമാണ് ബ്രേക്ക്ഫാസ്‌റ്റ്‌.  വെള്ളം എപ്പോഴും കൂട്ടിലുണ്ടാകും. മുട്ട വിരിയിപ്പിച്ച് തൂവൽവന്നശേഷം കിളികളെ വിൽക്കും.

കുറ്റിമുല്ലക്കൃഷിക്കും മത്സ്യം വളർത്തലിനും ഈ പക്ഷിസ്‌നേഹം തടസ്സാകുന്നില്ല.  1,000 കുറ്റിമുല്ലച്ചെടികളാണുള്ളത്. അവയിൽനിന്ന്‌ ദിവസം മൂന്നു കിലോവരെ പൂവ് ലഭിക്കും. ഒരു കിലോയ്ക്ക് 1,600 രൂപവരെ ലഭിച്ചിട്ടുണ്ട്‌. ജില്ലാ കർഷക  സ്വാശ്രയ സംഘത്തിലാണ്  പൂക്കൾ നൽകുന്നത്‌.


പ്രധാന വാർത്തകൾ
 Top