10 August Monday

തെളിഞ്ഞു സൺഡേ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

അഞ്ച്‌ ദിവസത്തെ കനത്ത മഴയ്ക്കുശേഷം ഞായറാഴ്ച തെളിഞ്ഞ ആകാശം പ്രളയജലത്തിൽ പ്രതിഫലിച്ചപ്പോൾ ഫോട്ടോ > പി വി സുജിത്‌


കൊച്ചി
കനത്തമഴയ്‌ക്ക്‌ ഇടവേള നൽകി ഞായറാഴ്‌ച ആകാശം തെളിഞ്ഞു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും ഭൂരിഭാഗം പ്രദേശത്തും വെയിൽ പരന്നതോടെ പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ്‌ താഴ്‌ന്നു. ശനിയാഴ്‌ച വെള്ളം താഴ്‌ന്നയിടങ്ങളിലെ വീടുകൾ വൃത്തിയാക്കി ആളുകൾ മടങ്ങിത്തുടങ്ങിയതോടെ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു. തുടരുന്ന ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്‌. രണ്ടുദിവസം അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.

ജില്ലയിലെ 62 ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം നിർത്തി. ഇവിടെ താമസിച്ചിരുന്ന 3605 പേർ സ്വന്തം വീടുകളിലേക്ക്‌ തിരിച്ചുപോയി. ആലുവ (14), പറവൂർ (12), കുന്നത്തുനാട്‌ (7), മൂവാറ്റുപുഴ (16), കോതമംഗലം (10), കണയന്നൂർ (2), കൊച്ചി (1) എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് നിർത്തിയത്‌. നിലവിൽ 104 ക്യാമ്പുകളിലായി 5,068 കുടുംബങ്ങളിലെ 17,203 പേരാണ്‌ തങ്ങുന്നത്‌.

മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ അവലോകനയോഗം ചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി. വരുംദിവസങ്ങളിലും മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരാൻ തീരുമാനിച്ചു. ഏത്‌ അടിയന്തരസാഹചര്യവും നേരിടാൻ കഴിയുംവിധം വിവിധ സേനകളും മത്സ്യത്തൊഴിലാളികളുൾപ്പെടെ സന്നദ്ധ പ്രവർത്തകരും ജില്ലാ ഭരണനേതൃത്വവും സജ്ജരാണെന്ന്‌ കലക്ടർ എസ്‌ സുഹാസ്‌ അറിയിച്ചു. കലക്ടറേറ്റിൽ ആരംഭിച്ച വിഭവസമാഹരണ കേന്ദ്രത്തിലേക്ക്‌ ധാരാളംപേർ സഹായവുമായെത്തി. വെള്ളമിറങ്ങിയ വീടുകൾ വൃത്തിയാക്കുമ്പോഴും തിരികെ താമസം തുടങ്ങുമ്പോഴും പകർച്ചവ്യാധി മുൻകരുതലുകൾ എടുക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. കിണർ വെള്ളം ശുചീകരിച്ച്‌ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്‌.

പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ്‌ താഴ്‌ന്നതോടെ തീരങ്ങളിൽ വീടുകളിൽനിന്ന്‌ വെള്ളമിറങ്ങിത്തുടങ്ങി. ഭൂതത്താൻകെട്ട്‌ ഡാമിലും ജലനിരപ്പ്‌ കുറഞ്ഞിട്ടുണ്ട്‌. കോതമംഗലം, മൂവാറ്റുപുഴ, പിറവം തുടങ്ങിയ മേഖലകളിൽ ഭൂരിഭാഗം ക്യാമ്പുകളും പ്രവർത്തനം അവസാനിപ്പിച്ചു. പെരുമ്പാവൂർ വേങ്ങൂർ, വല്ലം, പാണംകുഴി, കൊമ്പനാട്‌ ഭാഗങ്ങളിലും വെള്ളമിറങ്ങി. കോലഞ്ചേരി കറുകപ്പള്ളിയിൽ വെള്ളം കയറിയ ഭാഗങ്ങളിലും ജലനിരപ്പ്‌ താഴ്‌ന്നു തുടങ്ങി.

കാലടിയിൽ ഞായറാഴ്‌ച പെയ്‌ത മഴയിൽ തേക്ക്‌ മറിഞ്ഞുവീണ്‌ കാഞ്ഞൂർ മനയ്‌ക്കപ്പടി കളപ്പാട്ട്‌ ഉഷയുടെ വീട്‌ തകർന്നു. ആളപായമില്ല. മാണിക്കമംഗലം അണ്ടേത്ത്‌ അബ്ദുൾ റഹ്‌മാന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. ആലുവയിൽ മണപ്പുറത്തുനിന്ന്‌ വെള്ളം ഇറങ്ങി. കടുങ്ങല്ലൂർ, എടത്തല, ചൂർണിക്കര, കീഴ്‌മാട്‌ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളിലൊഴികെ വീടുകളിൽനിന്ന്‌ വെള്ളമിറങ്ങി. മഴ കുറഞ്ഞതോടെ പെരിയാറിലെ വെള്ളത്തിലെ ചെളിയുടെ അംശം കുത്തനെ കുറഞ്ഞത്‌ കുടിവെള്ളവിതരണത്തിൽ ആശ്വാസമായി. ആലുവയിലെ ശുദ്ധീകരണശാലയിലേക്ക്‌ എത്തിച്ചിരുന്ന വെള്ളത്തിൽ 490 എൻടിയു വരെയുണ്ടായിരുന്ന ചെളി 30 എൻടിയു ആയിട്ടുണ്ട്‌.

പറവൂർ പുത്തൻവേലിക്കരയിൽ ചെറുകടപ്പുറം, തിനപ്പുറം, കോഴിത്തുരുത്ത്‌, കണക്കൻകടവ്‌ ഭാഗങ്ങളിൽ വീടുകളിൽനിന്ന്‌ വെള്ളമിറങ്ങിയിട്ടില്ല. പറവൂർ മേഖലയിൽ മുൻകരുതൽ എന്ന നിലയിൽ ക്യാമ്പുകളിലേക്ക്‌ മാറിയവർ തിരികെ വീടുകളിൽ എത്തിത്തുടങ്ങി. കളമശേരി ഏലൂർ, മുപ്പത്തടം ഭാഗങ്ങളിൽ ജലനിരപ്പ്‌ താഴ്‌ന്നിട്ടുണ്ട്‌. ഏലൂർ ബോസ്‌കോ കോളനിയുൾപ്പെടെ താഴ്‌ന്ന സ്ഥലങ്ങളിലെ വീടുകളിൽനിന്ന്‌ പൂർണമായും വെള്ളമിറങ്ങിയിട്ടില്ല.

അങ്കമാലിയിൽ മാഞ്ഞാലിത്തോട്ടിലെ നീരൊഴുക്ക്‌ കുറഞ്ഞത്‌ വെള്ളക്കെട്ടിനു കാരണമാകുന്നതിനാൽ തോട്ടിലെ ചെളിയും മാലിന്യവും നീക്കാൻ ആരംഭിച്ചു. നായത്തോട്‌ മുതൽ മധുരപ്പുറം പാലംവരെയാണ്‌ മാലിന്യം നീക്കുന്നത്‌. ഇടപ്പള്ളി തോട്‌, ചമ്പക്കര കനാൽ, എരൂർ പുഴ എന്നിവിടങ്ങളിലെ ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ലാത്തതിനാൽ ഇടപ്പള്ളി കുന്നുംപുറം, വെണ്ണല, ചളിക്കവട്ടം ചുങ്കം, എരൂർ പാമ്പാടിത്താഴം എന്നിവിടങ്ങളിൽ വെള്ളമിറങ്ങിയിട്ടില്ല. ഈ ഭാഗങ്ങളിൽ വെള്ളംകയറിയ വീടുകളിലുള്ളവർ ക്യാമ്പിൽ തുടരുകയാണ്‌. പി ആൻഡ്‌ ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലെ താമസക്കാർക്കായി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ തുറന്ന ക്യാമ്പും പ്രവർത്തനം തുടരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top