16 February Saturday

ഫയർ ആൻഡ‌് റസ്ക്യൂ സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

പറവൂർ > ആധുനികരീതിയിൽ നിർമിച്ച ഫയർ ആൻഡ‌് റെസ്ക്യൂ സ്റ്റേഷൻ തിങ്കളാഴ‌്ച പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 2.32 കോടി രൂപ ചെലവിൽ 6836 ചതുരശ്രയടി തറവിസ്തീർണത്തിലുള്ള പുതിയ ഇരുനില കെട്ടിടത്തിന്റെ താഴെനിലയിൽ സ്റ്റേഷൻ ഓഫീസറുടെ മുറിയും വിശ്രമമുറിയും വാച്ച്റൂമും സ്റ്റോർറൂമുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 

മുകളിലെ നിലയിൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, ഫിറ്റ്നെസ‌് സെന്റർ, ക്ലാസ‌്റൂം എന്നിവയുണ്ട്. രണ്ട് ഫയർഎൻജിനുകൾ, ജീപ്പ്, വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്താനുള്ള റബർബോട്ട്, അസ്ക ലൈറ്റ്, ഹൈഡ്രോളിക് കട്ടർ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 60,000 ലിറ്റർ വെള്ളം ശേഖരിക്കാനുള്ള  വാട്ടർടാങ്ക്, ഫയർഎൻജിനുകൾ പാർക്ക് ചെയ്യാനുള്ള പോളി കാർബണേറ്റ്  റൂഫിങ്ങോടുകൂടിയ  വലിയ ഗ്യാരേജ്  എന്നിവയുമുണ്ട്. അഡ്വ. എൻ എ അലി നഗരസഭ ചെയർമാനായിരുന്ന കാലത്ത് വെടിമറയിൽ നഗരസഭയുടെ കൈവശമുണ്ടായിരുന്ന പ്രകൃതി ദുരിതാശ്വാസകേന്ദ്രം ഫയർസ്റ്റേഷൻ പ്രവർത്തനത്തിനായി സർക്കാരിന് വിട്ടുനൽകുകയായിരുന്നു.

1988 ആഗസ‌്ത‌് 19ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഫയർസ്റ്റേഷൻ ഉദ്ഘാടനംചെയ്തത്. കാലപ്പഴക്കത്താൽ  ശോച്യാവസ്ഥയിലായ, അസൗകര്യങ്ങൾനിറഞ്ഞ കെട്ടിടം മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്ന് 2015ൽ തറക്കല്ലിട്ടെങ്കിലും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷമാണ് ചുറ്റുമതിലോടുകൂടി നിർമാണം പൂർത്തീകരിക്കാനായത്. 15 ലക്ഷത്തോളം ജനസംഖ്യയുള്ള  പറവൂർ  താലൂക്കും കുഴുപ്പിള്ളി വരെയുള്ള പ്രദേശങ്ങളും ഈ സ്റ്റേഷന്റെ പരിധിയിലാണ്.

തീരപ്രദേശങ്ങളും ഇടുങ്ങിയ റോഡുകളും കൂടുതലുള്ളതിനാൽ ഒരു മിനി ഫയർ എൻജിൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. സ്റ്റേഷൻ ഓഫീസർ, അസി. സ്റ്റേഷൻ ഓഫീസർ, 4 ലീഡിങ‌് ഫയർമാൻമാർ, മെക്കാനിക്കുകൾ, ഡ്രൈവർ, 24 ഫയർമാൻമാർ  ഉൾപ്പെടെ 38 ജീവനക്കാരാണ് ഇവിടെയുള്ളത്.


പ്രധാന വാർത്തകൾ
 Top