09 August Sunday

ജില്ലയിൽ കോവിഡ്‌ രോഗികൾ 213

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

പാലാരിവട്ടം‐തമ്മനം റോഡ്‌ കൺടെയ്‌ൻമെന്റ്‌ സോണാക്കിയതിനെ തുടർന്ന്‌ അടച്ചപ്പോൾ സാധനങ്ങൾ എത്തിച്ചുനൽകുന്ന ആൾ


കൊച്ചി
ജില്ലയിൽ ചൊവ്വാഴ്‌ച 21 പേർക്ക് കോവിഡ്‌–-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 213 ആയി. ഇതിൽ 11 പേർ സമ്പർക്കം വഴിയാണ് രോഗബാധിതരായത്‌. രോഗമുണ്ടായ തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന നാട്ടുകാരി (60), പിറവം സ്വദേശികളുടെ കുടുംബാംഗം (30),  കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധു (52), ചെല്ലാനം സ്വദേശിനിയുടെ അടുത്ത ബന്ധുക്കളായ എട്ടും അറുപത്തൊന്നും വയസ്സുകാർ, പ്രദേശത്തെ ഓട്ടോഡ്രൈവർ (45), കീഴ്മാട് സ്വദേശിയുടെ  നാൽപ്പത്തഞ്ചും പത്തൊമ്പതും വയസ്സുള്ള അടുത്ത കുടുംബാംഗങ്ങൾ, പറവൂർ സ്വദേശിയുടെ അടുത്ത ബന്ധുവായ ‌ആറുവയസ്സുകാരി എന്നിവർക്ക്‌ രോഗം സ്ഥിരീകരിച്ചു‌. 

റിയാദിൽനിന്നെത്തിയ തൃക്കാക്കര സ്വദേശി (33), ‌മസ്‌കറ്റിൽനിന്നെത്തിയ നെടുമ്പാശേരി സ്വദേശി (39),  ദുബായിൽനിന്നെത്തിയ തേവര സ്വദേശി (47),  ഷാർജയിൽനിന്നെത്തിയ പിണ്ടിമന സ്വദേശി (30), ഖത്തറിൽനിന്നെത്തിയ കീഴ്മാട് സ്വദേശി (27),  മ‌സ്‌കറ്റിൽനിന്നെത്തിയ കളമശേരി സ്വദേശി (25),  ബംഗളൂരുവിൽനിന്നെത്തിയ ആന്ധ്ര സ്വദേശി (27), ഖത്തറിൽനിന്നെത്തിയ ആലുവ സ്വദേശി (24), അതേവിമാനത്തിലെത്തിയ ചൂർണിക്കര സ്വദേശി (31), സൗദിയിൽനിന്നെത്തിയ ആരക്കുഴ സ്വദേശി (43), ആലുവ മാർക്കറ്റിലെ തൊഴിലാളിയായ ചൂർണിക്കര സ്വദേശി (35), ആലങ്ങാട് സ്വദേശിയായ മാധ്യമപ്രവർത്തകൻ (35) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടിക തയ്യാറാക്കിവരുന്നു. ഇതിൽ 20 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികന്റെ സമ്പർക്കപട്ടികയിൽ 15 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ഏഴുപേരുടെ സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്.

അതേസമയം, 20 പേർ രോഗമുക്തി നേടി. കളമശേരി സ്വദേശി (52), പള്ളുരുത്തി സ്വദേശി (41), തൃപ്പൂണിത്തുറ സ്വദേശി (37), എളന്തിക്കര സ്വദേശി (39), തിരുവാണിയൂർ സ്വദേശി (39), പാലക്കാട് സ്വദേശി (23), ഞാറയ്ക്കൽ സ്വദേശി (30), പനമ്പിള്ളി നഗർ സ്വദേശി (16), ചുള്ളിക്കൽ സ്വദേശിനി (50), കൂനമ്മാവ് സ്വദേശി (29), ഇടപ്പള്ളി സ്വദേശി (25), കളമശേരി സ്വദേശി (33),  പല്ലാരിമംഗലം സ്വദേശി (24), കടമക്കുടി സ്വദേശി (31),  മലപ്പുറം സ്വദേശി (73), തമിഴ്നാട് സ്വദേശി (39), തമിഴ്നാട് സ്വദേശി (23), മഹാരാഷ്ട്ര സ്വദേശി (47), ആയവന സ്വദേശിനി (31), കാഞ്ഞൂർ സ്വദേശി (53) എന്നിവരാണ്‌ രോഗമുക്തി നേടിയത്‌. 

പുതുതായി 1158 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 620 പേരെ നിരീക്ഷണപട്ടികയിൽനിന്ന്‌ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13,642 ആണ്. 11,743 പേർ വീടുകളിലും 531 പേർ കോവിഡ് കെയർ സെന്ററുകളിലും 1368 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
മുപ്പത്താറുപേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 34 പേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 272 ആണ്.

പിടി വീഴും ഇനി വാർഡുകളിലും
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍  വാര്‍ഡുതലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം രൂപീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും കൂട്ടംകൂടി നില്‍ക്കുന്നില്ലെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കുക, വ്യാപാര സ്ഥാപനങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യമോ ഹാന്‍ഡ് സാനിറ്റൈസറുകളോ ഉണ്ടെന്ന് ഉറപ്പാക്കുക, മാസ്‌ക് ധരിക്കാത്തവര്‍ പൊതുസ്ഥലങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ്  ടീമിന്റെ ചുമതലകള്‍.

പഞ്ചായത്തുതല ഉദ്യോഗസ്ഥരും രണ്ട് വളന്റിയര്‍മാരുമാണ് സംഘത്തിലുണ്ടാകുക. തദ്ദേശ സ്ഥാപനങ്ങളിലെ ആര്‍ആര്‍ടി ടീമാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ /മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനെ ടീമില്‍ ഉള്‍പ്പെടുത്തണം. ആര്‍ആര്‍ടി യോഗത്തില്‍ വില്ലേജ് ഓഫീസര്‍, എസ്ഐ, എസ്എച്ച്ഒ എന്നിവര്‍ പങ്കെടുക്കണം. താലൂക്കുതല നോഡല്‍ ഓഫീസര്‍മാരായ സബ് കലക്ടര്‍, മൂവാറ്റുപുഴ ആര്‍ഡിഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ അവരുടെ താലൂക്കുകളില്‍ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് പിഴ ഈടാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയോ മറ്റു ഉദ്യോഗസ്ഥരെയോ ചുമതലപ്പെടുത്താം. ഈ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി പിഴ ഈടാക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top