26 May Tuesday

ലോക്ക്‌ ഡൗണിൽ ഊരുചുറ്റലും യോഗങ്ങളുമായി ബിജെപി ജില്ലാ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


കൊച്ചി
കോവിഡ്‌ പ്രതിരോധകാലത്തെ നിയന്ത്രണങ്ങൾ അവഗണിച്ച്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ എസ്‌ ജയകൃഷ്‌ണൻ ജില്ലാ വ്യാപകമായി നടത്തിയ യാത്രയും പൊതുയോഗങ്ങളും  വിവാദത്തിൽ. ബിജെപി സ്ഥാപകദിനാചരണമെന്ന പേരിൽ ജന്മഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകന്റെ തിരിച്ചറിയൽ കാർഡ്‌ ദുരുപയോഗിച്ചായിരുന്നു യാത്ര. ജില്ലയുടെ പലഭാഗത്തും ഇദ്ദേഹം നടത്തിയ പൊതുപരിപാടികളുടെ ചിത്രവും വിവരങ്ങളും ഫെയ്‌സ്‌ബുക്ക്‌ പേജിൽ പോസ്‌റ്റ്‌ ചെയ്‌തിട്ടുമുണ്ട്‌.

ദിനാചരണത്തിന്റെ ഭാഗമായി പാർടി പതാക വീട്ടുമുറ്റത്ത്‌ ഉയർത്തിയശേഷമാണ്‌ പ്രസിഡന്റ്‌ ജില്ലാ പര്യടനം തുടങ്ങിയത്‌. പൊലീസിന്റെ അനുമതി കിട്ടാത്തതിനാൽ പാർടി പത്രത്തിന്റെ പ്രാദേശിക ലേഖകന്റെ തിരിച്ചറിയൽ കാർഡാണ്‌ യാത്രയ്‌ക്ക്‌ ഉപയോഗിച്ചത്‌. മാധ്യമപ്രവർത്തകരെ അനുമോദിക്കാനെന്ന പേരിൽ പറവൂർ, അങ്കമാലി എന്നിവിടങ്ങളിലെ പ്രസ്‌ക്ലബ്ബുകളിലും ഡെപ്യൂട്ടി പൊലീസ്‌ കമീഷണറെ അനുമോദിക്കാനെന്ന പേരിൽ കമീഷണർ ഓഫീസിലും എത്തി.

ആലുവയിൽ പത്തോളം ബിജെപി പ്രവർത്തകരെ വിളിച്ചുകൂട്ടി സംസാരിച്ചു. കുന്നുകര പഞ്ചായത്ത്‌ ഓഫീസിലും ഏതാനും സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും പാർടി പ്രവർത്തകരെയുംകൂട്ടി പോയി. അവരെ ആദരിക്കാനെന്ന പേരിലായിരുന്നു ഇതെല്ലാം. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ്‌ ഈ യാത്രയും പരിപാടികളുമെന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുകളിൽ കുറിച്ചിട്ടുണ്ട്‌. എല്ലാ പരിപാടിയിലും അതത്‌ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top