പിറവം
മൂവാറ്റുപുഴയാറിന് കുറുകെയുള്ള പാഴൂർ, കളമ്പൂർ തൂക്കുപാലങ്ങൾ ആർഡിഒ പി എൻ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. സർക്കാർ നിർദേശത്തെത്തുടർന്ന് പാലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ആർഡിഒ എത്തിയത്. കോട്ടയം, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കളമ്പൂർ തൂക്കുപാലത്തിന് പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ.
പാഴൂർ, കക്കാട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാഴൂർ അമ്പലപ്പടിയിലെ തൂക്കുപാലമാണ് തുരുമ്പെടുത്ത് തകർന്നുതുടങ്ങിയത്. പെരുംതൃക്കോവിൽ ക്ഷേത്രത്തിനുസമീപം മൂവാറ്റുപുഴയാറിന് കുറുകെ 150 മീറ്റർ നീളത്തിൽ 2.15 കോടി രൂപ മുടക്കി നിർമിച്ച പാലം 2013ലാണ് ഉദ്ഘാടനം ചെയ്തത്.റീപെയിന്റിങ് നടത്താത്തതിനാൽ പാലത്തിന്റെ പ്രധാനഭാഗങ്ങളായ തൂക്കുകമ്പികൾ, ക്രോസ് ബാറുകൾ, കൈവരികൾ എന്നിവ തുരുമ്പിച്ചിട്ടുണ്ട്. തറഷീറ്റുകളുടെ വെൽഡിങ് പലയിടത്തും വിട്ടിട്ടുണ്ട്.
പാഴൂർ ക്ഷേത്രത്തിലേക്കും പിറവം ടൗണിലേക്കുമുള്ള കക്കാട് നിവാസികളുടെ എളുപ്പവഴികൂടിയാണിത്. വിനോദസഞ്ചാരികളും എത്തുന്നുണ്ട്.നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്, സ്ഥിരംസമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, പി ഗിരീഷ്‌കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, സജിനി പ്രതീഷ് തുടങ്ങിയവർ ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..