19 September Saturday
ഇന്ന് ദേശീയ കൈത്തറി ദിനം

കോവിഡിൽ പകച്ച്‌ കൈത്തറി ഗ്രാമങ്ങൾ ; തറികൾക്ക്‌ താളഭംഗം

വി ദിലീപ്‌കുമാർUpdated: Friday Aug 7, 2020

പറവൂർ കൈത്തറി സംഘത്തിന്റെ നെയ്‌ത്തുശാലപറവൂർ
കോവിഡ്‌ മഹാമാരി പരമ്പരാഗത കൈത്തറി മേഖലയെ ഉലയ്‌ക്കുന്നു. വാർഷിക കച്ചവടത്തിന്റെ 30 ശതമാനം നടക്കേണ്ട വിഷുക്കാലം മഹാമാരി കാർന്നു. ഓണത്തിന്റെ പ്രതീക്ഷകളും കരിനിഴലിലായതോടെ ചേന്ദമംഗലത്തെയും കരിമ്പാടത്തെയും  പറവൂത്തറയിലെയും തറികൾക്ക്‌ താളഭംഗം.

തൊഴിൽദിനങ്ങൾ നഷ്ടമാകുന്നതും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകാത്തതും കടുത്ത പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണെന്ന്‌ പറവൂർ കൈത്തറി നെയ്ത്ത് സംഘം പ്രസിഡന്റും കൈത്തറി തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന കൗൺസിൽ അംഗവുമായ ടി എസ്‌ ബേബി പറഞ്ഞു. ഉത്സവകാലത്താണ്‌ വിപണി  ഉണരേണ്ടത്‌. വിഷു നഷ്ടമായതോടെ, ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് സംഘങ്ങളിൽ കെട്ടിക്കിടക്കുന്നു.   ഓൺലൈൻ വിൽപ്പന ചില സംഘങ്ങൾക്ക് ആശ്വാസമായി. ഡിവൈഎഫ്ഐ ഏറ്റെടുത്ത,  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ചലഞ്ചിലൂടെ 10 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ   വിൽക്കാനായതും‌ ആശ്വാസം. രോഗവ്യാപനം നീണ്ടാൽ  ഓണവിപണിയും ഇല്ലാതാകും. ഇക്കുറി   വിപണനമേളകൾക്ക്‌ സാധ്യത കുറവാണ്.

നൂൽ ഉൾപ്പെടെയുള്ള അസംസ്കൃത സാധനങ്ങൾ തമിഴ്നാട്ടിൽനിന്നാണ് എത്തുന്നത്. അവിടെ കോവിഡ് രൂക്ഷമായതിനാൽ വഴിയടഞ്ഞു. അടുത്ത വർഷത്തേക്കുള്ള യൂണിഫോം തുണികൾ തയ്യാറാക്കൽ ഇതുവരേയും ആരംഭിക്കാനായിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മാറിമാറിയാണ് സംഘങ്ങളിൽ തൊഴിലാളികൾ നെയ്യുന്നത്. ഇത്‌ അവരുടെ  വരുമാനത്തിലും കുറവുണ്ടാക്കി.

സംസ്ഥാന സർക്കാരിന്റെ സഹായമാണ്‌ പട്ടിണിയകറ്റുന്നത്‌. കൃത്യമായി ലഭിക്കുന്ന ക്ഷേമപദ്ധതി പെൻഷൻ, പെൻഷനില്ലാത്തവർക്ക് 2000 രൂപയുടെ സഹായം, സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ എന്നിവ തൊഴിലാളികൾ മറക്കില്ല.  
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജിൽ കൈത്തറിയെ അവഗണിച്ചു. ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്നവർക്ക് വരുമാനത്തിന്റെ 25 ശതമാനം നാലു മാസത്തേക്ക്‌ നൽകുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം ഈ  മേഖലയിൽ നടപ്പാക്കിയിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ ബ്ലോക്ക് ലെവൽ ക്ലസ്റ്ററിന്റെ  മികച്ച പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മേഖലയോട് മുഖംതിരിച്ചു നിൽക്കുകയാണ് കേന്ദ്രം. 

സ്കൂൾ തുറക്കാനായില്ലെങ്കിലും യൂണിഫോം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് വിതരണം നടത്തിയത് തെല്ലൊന്നുമല്ല കരുത്തേകിയത്. പ്രത്യേക പദ്ധതി ആവിഷ്കരിച്ച് കൈത്തറി മേഖലയിലെ അനിശ്ചിതത്വത്തിന് എൽഡിഎഫ് സർക്കാർ പരിഹാരം കാണുമെന്ന ഉറച്ച  പ്രതീക്ഷയിലാണ് ഇവർ. യൂണിഫോം കൂലി കുടിശ്ശികയും ഒന്നരവർഷമായി ലഭിക്കാനുള്ള പ്രൊഡക്‌ഷൻ ഇൻസെന്റീവും ലഭിച്ചാൽ ദുരിതത്തിന് ശമനമാകും.  2018ലെ പ്രളയത്തിന് സർവവും നഷ്ടമായ ഇവർ മറ്റൊരു പ്രളയഭീതിയിലും പ്രതീക്ഷ കൈവിടുന്നില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top