19 September Saturday

മഴ ശക്തം; ജാഗ്രത വേണം ; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


കൊച്ചി
ജില്ലയിൽ പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ ദുരിതാശ്വാസ നടപടികൾ തുടങ്ങിയതായി  കലക്ടർ എസ് സുഹാസ് പറഞ്ഞു. തീവ്രമഴയുടെ മുന്നറിയിപ്പുള്ളതിനാൽ അതത്‌ വകുപ്പുകൾ ജാഗ്രത പുലർത്തണം.  കടലേറ്റമുള്ള ചെല്ലാനത്ത് തോടുകളിലെ ഒഴുക്ക് സുഗമമാക്കും. ബസാർ തോടിലെ മണലും കല്ലുകളും നീക്കം ചെയ്യും. വെള്ളം കയറുന്ന മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും. ബസാർ, മാലാഖപ്പടി, ചാളക്കടവ് എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷം. സൗദി പള്ളിയുടെ പടിഞ്ഞാറുഭാഗത്തും വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

കോതമംഗലം താലൂക്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാമേഖലകളിലുള്ളവരെ അഞ്ച്‌ ക്യാമ്പുകളിലേക്ക് മാറ്റി. കൊച്ചി താലൂക്കിലും ഒരു ക്യാന്പ്‌ തുറന്നിട്ടുണ്ട്‌. കുട്ടമ്പുഴയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ആദിവാസിക്കുടികളിലേക്ക് സഹായമെത്തിക്കും. കോട്ടപ്പടി, കുട്ടമംഗലം, നേര്യമംഗലം വില്ലേജുകളിൽ കാറ്റിൽ മരം വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. നഷ്ടം തിട്ടപ്പെടുത്താൻ റവന്യൂ അധികൃതരോട്‌ നിർദേശിച്ചു. മലങ്കര അണക്കെട്ടിലെ വെള്ളമെത്തുന്ന തൊടുപുഴ, കാളിയാർ, മൂവാറ്റുപുഴ നദികളിൽ 9.015 മീറ്ററിനടുത്ത് ജലനിരപ്പെത്തി. ചില മേഖലകളിൽ ഇതിലുമധികം വെള്ളമുണ്ട്. മൂവാറ്റുപുഴ, മാറാടി, വാളകം, ഐക്കരനാട്, രാമമംഗലം, പൂതൃക്ക, മണീട്, പിറവം, മുളക്കുളം, എടക്കാട്ടുവയൽ, തലയോലപ്പറമ്പ്, വെള്ളൂർ, കാഞ്ഞിരമറ്റം, മാറന്തുരുത്ത്, ചെമ്പ്, വൈക്കം, പല്ലാരിമംഗലം, കോതമംഗലം, വാരപ്പെട്ടി, പായിപ്ര, മഞ്ഞള്ളൂർ, ആരക്കുഴ, ആവോലി, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ജലനിരപ്പ് ബാധിക്കുക. അതുകൊണ്ട്‌ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

ഭൂതത്താൻകെട്ടിലെ 15 ഷട്ടറുകളും തുറന്നു. പെരിയാറിൽ നിലവിൽ ആശങ്കയില്ലെങ്കിലും ഹൈറേഞ്ചിൽ മഴ ശക്തമാണ്‌. ഇടമലയാർ അണക്കെട്ടിൽ 41.69 ശതമാനം വെള്ളമുണ്ട്‌. തമിഴ്നാട്ടിലെ അപ്പർ നീരാർ വിയർ നിറഞ്ഞ്‌ വെള്ളം ലോവർ നീരാർ അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്. മഴ തുടർന്നാൽ ലോവർ നീരാർ അണക്കെട്ട് നിറയാനും സ്പിൽവേ ഷട്ടറുകൾ തുറക്കാനും സാധ്യതയുണ്ട്. ഈ ജലം ഇടമലാർ അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക. പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കുന്നതുമൂലം ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.


ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം ; 50 കുടുംബങ്ങൾ ക്യാമ്പിൽ
ചെല്ലാനത്ത് വീണ്ടും കടലാക്രമണം രൂക്ഷമായി. വ്യാഴാഴ്‌ച രാവിലെ 10.30 മുതലാണ് തീരപ്രദേശം കലുഷിതമാകാൻ തുടങ്ങിയത്. ഉച്ചയോടെ തീവ്രത കൂടി. തീരപ്രദേശത്തെ വീടുകളിൽ വെള്ളം കയറിയത് ജനത്തെ ദുരിതത്തിലാക്കി. തെക്കേ ചെല്ലാനംമുതൽ സൗദിവരെയുള്ള പ്രദേശമാകെ വെള്ളക്കെട്ടിലായി.രണ്ടാഴ്ചമുമ്പുണ്ടായ കടലാക്രമണത്തിന്റെ ആഘാതത്തിൽനിന്ന് മുക്തരാകുംമുമ്പേ വീണ്ടും കടൽ കയറിയത് ജനത്തെ പരിഭ്രാന്തിയിലാക്കി.

വിവിധ പ്രദേശങ്ങളിൽ പഞ്ചായത്തും നാട്ടുകാരും സ്ഥാപിച്ച മണൽവാടകൾ കടൽകയറ്റത്തിൽ തകർന്നു. വീടുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ വെള്ളം കയറി നശിച്ചു. കടൽകയറ്റം രൂക്ഷമായ പ്രദേശത്തെ വീടുകളിലെ ആളുകളെ മാറ്റിത്താമസിപ്പിക്കാനായി ചെല്ലാനം പഞ്ചായത്തിൽ കണ്ടക്കടവ് സെന്റ്‌ സേവ്യേഴ്‌സ് സ്കൂൾ, ചെല്ലാനം സെന്റ്‌ മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. സെന്റ്‌ സേവ്യേഴ്‌സ്‌ സ്കൂളിൽ അമ്പതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇവർക്കുവേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് കെ ജെ മാക്സി എംഎൽഎ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top