തിരുവനന്തപുരം
മൂന്നുദിവസത്തിനിടെ നാല് മീറ്റ് റെക്കോഡ്, ഏഴ് സ്വർണം, ഒരു വെള്ളി. കായികോത്സവത്തിലെ ത്രോ ഇനങ്ങളിൽ മെഡലുകൾകൊണ്ട് ആറാടുകയാണ് കാസർകോട് ചെറുവത്തൂർ കെ സി ത്രോസ് അക്കാദമിയിലെ ചുണക്കുട്ടികൾ. പരിശീലകനും മുൻ കായികതാരവുമായ കെ സി ഗിരീഷ് കുമാറിന്റെ പ്രിയ ശിഷ്യരെല്ലാം പ്രതീക്ഷ തെറ്റിക്കാതെ സ്വർണം ഉറപ്പാക്കി. ചില്ലിക്കാശുപോലും വാങ്ങാതെ പരിശീലിപ്പിക്കുന്ന ഗിരീഷിന് ഇതിലും കുറഞ്ഞ ഗുരുദക്ഷിണയില്ല. മകൻ കെ സി സെർവാൻ ഉൾപ്പെടെ ആറ് പേരുമായാണ് മത്സരത്തിനെത്തിയത്.
കാസർകോട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയ അഖില രാജു, വി എസ് അനുപ്രിയ, പാർവണ ജിതേഷ് എന്നിവർ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ സ്വർണം നേടി. അഖില രാജു ഡിസ്കസ് ത്രോയിലും അനുപ്രിയ പാർവണ ഷോട്ട്പുട്ടിലും മീറ്റ് റെക്കോഡും സ്ഥാപിച്ചു. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിലാണ് സെർവാന്റെ റെക്കോഡ് നേട്ടം. ജൂനിയർ ഷോട്ട്പുട്ടിൽ വെള്ളി നേടിയത് അക്കാദമിയുടെ തന്നെ ഹെനിൻ എലിസബത്താണ്.
മൂന്ന് വർഷത്തിനിടെ നടന്ന വിവിധ മത്സരങ്ങളിൽ ഗിരീഷിന്റെ ശിഷ്യർ നേടിയത് 70 മെഡൽ. ഇതിൽ അന്തർദേശീയ തലത്തിൽ ഒരു വെള്ളിയും ദേശീയതലത്തിൽ മൂന്ന് സ്വർണവും ഉൾപ്പെടുന്നു. ത്രോ ഇനങ്ങളിൽ മെഡൽ നേടാൻ കഴിയുന്ന താരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് കെ സി ഗിരീഷ് പറയുന്നു. അക്കാദമിയുടെ താരങ്ങളെല്ലാം സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവർ. പലരും സ്ഥലംവിറ്റും കടംവാങ്ങിയുമൊക്കെയാണ് ചെലവ് കണ്ടെത്തുന്നതെന്ന് ഗിരീഷ് പറഞ്ഞു.
1989 ൽ കാസർകോട് ജില്ലയ്ക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി ഡിസ്കസ് ത്രോയിൽ സ്വർണം നേടിക്കൊടുത്ത താരമാണ് കെ സി ഗിരീഷ്. ഡിസ്കസ് ത്രോ, ഷോട്ട് പുട്ട് മത്സരങ്ങളിൽ 1993, 1994 സ്കൂൾ മേളയിലെ ചാമ്പ്യനായിരുന്നു. 1999 മുതൽ 2006 വരെ സംസ്ഥാന അത്ലറ്റിക് മീറ്റിലും ചാമ്പ്യനായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..