24 October Thursday

പുത്തനാണ്‌ ഈ വീട്‌, ഓണവും

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


കൊച്ചി
പുതിയ വീട്ടിൽ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌ കൊട്ടുവള്ളിക്കാട്ടെ തോട്ടുങ്ങൽ വീട്.   വ്യാഴാഴ്‌ച നടന്ന ചെറിയ ചടങ്ങിലായിരുന്നു ഗൃഹപ്രവേശം. സുഗതൻ, ഭാര്യ ഉഷ, മകൾ ധന്യ എന്നിവർ പുതിയ വീട്ടിലേക്ക്‌ മാറുമ്പോൾ വടക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം അംബ്രോസ്‌, വാർഡ്‌ അംഗം സീന സജീവ്‌ എന്നിവർ ആശംസകളുമായെത്തി. ഇരുവരെയും പായസം നൽകിയാണ്‌ സ്വീകരിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ വടക്കേക്കര പഞ്ചായത്തിൽ പൂർത്തിയാക്കിയ 514 വീടുകളിലൊന്നാണ്‌ ഗൃഹപ്രവേശനത്തിന്‌ സാക്ഷിയായത്‌. റീബിൽഡ്‌ പദ്ധതി വഴിയാണ്‌ സുഗതന്റെ പുതിയ വീട്‌ യാഥാർഥ്യമായത്‌.

മഹാപ്രളയത്തെ അതിജീവിച്ച ഇവർക്ക്‌ സർക്കാരിന്റെ ഓണസമ്മാനമാണ്‌ ഈ പുത്തൻ വീട്‌. മുക്കിക്കൊല്ലാനെത്തിയ പ്രളയജലത്തിൽനിന്ന്‌ തലനാരിഴയ്‌ക്കാണ്‌ സുഗതനും ഉഷയും രക്ഷപ്പെട്ടത്‌. ഇവരോടൊപ്പം ധന്യയും ധന്യയുടെ മക്കളായ ഷാനിയയും ഷിംനയും നീന്തിയാണ്‌ ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിയത്‌. ഒരാഴ്‌ച അവിടെ താമസിച്ചു.

പിന്നീടുള്ള താമസം വീടിനോടു ചേർന്നു നിർമിച്ച ഷെഡ്ഡിലായിരുന്നു. എട്ടു മാസമായി ഈ ഷെഡ്ഡിലാണ്‌ സുഗതനും കുടുംബവും താമസിച്ചത്‌. ധന്യ റിനൈ മെഡിസിറ്റി ആശുപത്രിയിലെ അറ്റൻഡറാണ്‌.

പ്രളയത്തിൽ വടക്കേക്കര പഞ്ചായത്തിലെ 700 വീടുകൾ പൂർണമായി നശിച്ചു. ലൈഫ് ഭവനപദ്ധതിയിൽ 152, കെയർ ഹോം പദ്ധതിയിൽ 54, റീബിൽഡ് കേരളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നാലുലക്ഷം രൂപ ലഭിച്ച് നിർമാണം പൂർത്തിയാക്കിയ 305, സർക്കാരിതര ഏജൻസി നിർമിച്ചുനൽകിയ മൂന്ന്‌ എന്നിവയടക്കം 514 വീടുകളുടെ താക്കോലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്‌ത്‌ 25ന്‌ കൈമാറിയത്‌.


പ്രധാന വാർത്തകൾ
 Top