13 May Thursday

മാറ്റം ഉറപ്പിച്ച്‌ 
കുന്നത്തുനാട്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

കോലഞ്ചേരി
യുവജനക്കരുത്തിൽ പരസ്യ‌പ്രചാരണം അവസാനിപ്പിച്ച്‌ കുന്നത്തുനാടിന്റെ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. പി വി ശ്രീനിജിൻ. കോവിഡ്‌ മാനദണ്ഡങ്ങളുടെ ഭാഗമായി കൊട്ടിക്കലാശം ഒഴിവാക്കിയെങ്കിലും യുവജനങ്ങൾ നഗരത്തിലേക്ക്‌ ഒഴുകിയെത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത്‌ മാർച്ചിൽ കോലഞ്ചേരി പട്ടണം ചുവപ്പണിഞ്ഞു. കോലഞ്ചേരി സി എ സ്മാരക മന്ദിരത്തിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു. പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലായി ചെറുപ്രകടനങ്ങളും നടത്തി. കൊടികളും മുദ്രാവാക്യം വിളികളുമായി പ്രചാരണറാലി ആവേശമാക്കി. ഡിവൈഎഫ്ഐ നേതാക്കളായ ടി എ അബ്ദുൾ സമദ്, എം എസ് ഉബൈസ്, വിഷ്ണു ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രചാരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനവുമായി പ്രവർത്തകർ ബൂത്തുകൾ കേന്ദ്രീകരിച്ച്‌ അവസാനവോട്ടറെയും നേരിൽക്കണ്ടു. വിവിധയിടങ്ങളിൽ പ്രാദേശികറാലികളും കോർണർ യോഗങ്ങളും നടത്തി.

അതേസമയം, കൊട്ടിക്കലാശദിനത്തിലും വോട്ട്‌ ഉറപ്പിക്കുന്നതിനുള്ള പര്യടനത്തിലായിരുന്നു സ്ഥാനാർഥി പി വി ശ്രീനിജിൻ. തിരുവാണിയൂർ പഞ്ചായത്തിലെ പട്ടികജാതി കോളനികളിലെ ജനജീവിതം തൊട്ടറിഞ്ഞായിരുന്നു പര്യടനം. കുടിവെള്ളക്ഷാമവും കോളനികളിലെ അടിസ്ഥാനസൗകര്യമില്ലായ്മയുമാണ് വോട്ടർമാർ പ്രധാന പ്രശ്നമായി ഉന്നയിച്ചത്. സംവരണമണ്ഡലമായിട്ടും ഈ പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധിയായി തെരഞ്ഞെടുത്താൽ കോളനികളിലെ അടിസ്ഥാനസൗകര്യവികസനം മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് സ്ഥാനാർഥി ഉറപ്പുനൽകി. വെണ്ണിക്കുളം, മാടാലിക്കുഴി, കൊച്ചുമോളത്ത്, ഇടയാലിക്കുഴി, കക്കാട് ലക്ഷംവീട്, കരീക്കാട്ടിൽതാഴം, അമ്പാട്ടുപറമ്പ്, മറ്റക്കുഴി ജെബി വില്ല, പാലത്തടം, മാനാന്തടം, അത്താണി, തൊഴുത്തുംപാട്ട്, മനക്കനിരപ്പ്, പുളിനിരപ്പ്, തിരുമല, വെട്ടിക്കൽ, കണ്യാട്ടുനിരപ്പ് എന്നീ കോളനികളാണ് സന്ദർശിച്ചത്. നേതാക്കളായ എൻ എസ് സജീവൻ, കെ സി പൗലോസ്, സി ആർ പ്രകാശ്, കെ സനൽകുമാർ, കെ എ ജോസ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top