കൊച്ചി
കൊച്ചിയെ പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ മുൻ ബജറ്റിൽ പ്രഖ്യാപിച്ച പെട്രോകെമിക്കൽ പാർക്കിൽ മൂന്ന് യൂണിറ്റുകൾ ഉൽപ്പാദനത്തിന് തയ്യാറെടുക്കുന്നു. പിവിസി പൈപ്പ്, ബിറ്റുമിൻ, ഫോർമാൽഡിഹൈഡ് എന്നിവയുടെ യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമായത്. പശ, അണുനാശിനി, ഓട്ടോമൊബൈൽ, കെട്ടിടനിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നതാണ് ഫോർമാൽഡിഹൈഡ്.
അമ്പലമുകൾ എഫ്എസിടിയിൽനിന്ന് സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിലാണ് 1200 കോടിയുടെ പെട്രോകെമിക്കൽ പാർക്ക് വരുന്നത്. 151.93 കോടി രൂപയുടെ ആദ്യഘട്ട അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ നിർമാണോദ്‌ഘാടനം കഴിഞ്ഞ് 10 മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങളുടെ 20 ശതമാനത്തിലധികം പൂർത്തിയായി. 30 ലക്ഷം ലിറ്റർ സംഭരണശേഷിയിൽ തറനിരപ്പിലുള്ള ടാങ്ക് ഉൾപ്പെടെ ജലസംഭരണികൾ, ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, പ്രധാന ഓഫീസ് കെട്ടിടം, ഡ്രെയ്നേജും കേബിൾ ട്രഞ്ചും ഉൾപ്പെടുന്ന റോഡ്, വൈദ്യുതിവിതരണ സംവിധാനം തുടങ്ങിയവയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപവും 18,000 പുതിയ തൊഴിലവസരങ്ങളുമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ കിൻഫ്രയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി റിഫൈനറിയിൽനിന്നുള്ള ഉപോൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. ഇതിന് അനുബന്ധമായി ബിപിസിഎല്ലിന് അവരുടെ പെട്രോകെമിക്കൽ പദ്ധതിക്കായി കിൻഫ്ര 171 ഏക്കർ സ്ഥലം അനുവദിക്കുകയും പാർക്കിൽ വരുന്ന വ്യവസായങ്ങൾക്ക് ഫീഡ്സ്റ്റോക് ലഭ്യമാക്കാൻ വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പുവയ്ക്കുകയും ചെയ്തു.
ഒന്നാംഘട്ടത്തിൽ 25 സംരംഭകരാണ് പാർക്കിൽ യൂണിറ്റ് ആരംഭിക്കാൻ മുന്നോട്ടുവന്നത്. 220 കോടി രൂപയുടെ നിക്ഷേപമെത്തി. രണ്ടാംഘട്ടത്തിൽ ഭൂമി അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ഇതിനകം നൂറോളംപേർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കിൻഫ്ര അധികൃതർ പറഞ്ഞു. ഓട്ടോമൊബൈൽ, പ്ലാസ്റ്റിക്, കെട്ടിടനിർമാണ സാമഗ്രികൾ, ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്കാണ് പാർക്ക് ഊന്നൽ നൽകുന്നത്. 80 ഏക്കർ ഫാർമ പാർക്കിനായി മാറ്റിവച്ചിട്ടുണ്ട്. 2024 മാർച്ചിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..