02 June Tuesday

‘അനുഗ്രഹിച്ചതിന്‌ നന്ദി; ലോങ് മാർച്ച്‌ മറക്കല്ലേ’

സ്വന്തം ലേഖകൻUpdated: Monday Dec 2, 2019

പെരുമ്പാവൂർ > വെങ്ങോല ചാമക്കാടി വീട്ടിൽ സി പി അഫ്സലിന്‌ കല്യാണവും സമരസന്ദേശം എത്തിക്കാനുള്ള വേദിയാണ്‌. വിവാഹ സൽക്കാരത്തിന്‌ ശേഷം അതിഥികൾക്കായി തയ്യാറാക്കിയ ‘താങ്ക്‌സ്‌ കാർഡ്‌’ ആണ്‌ ഇതിനായി തയ്യാറാക്കിയത്‌. കാർഡിൽ അഫ്‌സലിന്റെയും വധു നെല്ലിക്കുഴി സ്വദേശി ഫസ്നയുടെയും ചിത്രവും മറുവശത്ത്‌ ബിപിസിഎൽ വിൽപ്പനയ്‌ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ലോങ്  മാർച്ചിന്റെ പോസ്‌റ്ററുമാണ്‌. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും കല്യാണം.

വിവാഹം മാത്രമല്ല സമരവും ജീവിതത്തിൽ ഏറെ പ്രധാനമാണെന്ന്‌ അഫ്‌സൽ പറയുന്നു. ബിപിസിഎൽ വിൽപ്പനയ്‌ക്കെതിരായ സമരവും അതിന്റെ രാഷ്‌ട്രീയവും കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം. നാടിന്റെയാകെ സമരമായി ലോങ്‌ മാർച്ച്‌ മാറുമെന്നും അഫ്‌സൽ പ്രതീക്ഷിക്കുന്നു.  ഡിവൈഎഫ്ഐ വെങ്ങോല മേഖലാ കമ്മിറ്റി അംഗവും മലയാംപുറത്തുപടി യൂണിറ്റ് സെക്രട്ടറിയുമാണ്‌ അഫ്‌സൽ. സിപിഐ എം മലയാംപുറത്തുപടി ബ്രാഞ്ച് അംഗമാണ്. വെങ്ങോലയിലെ സ്വകാര്യസ്ഥാപനത്തിലാണ്‌ ജോലി. മലയാംപുറത്തുപടി ബിവറേജ്‌സ് വെയർഹൗസിലെ ചുമട്ടുതൊഴിലാളി പരീക്കുട്ടിയുടെയും സുലൈഖയുടെയും മകനാണ്‌.

ബിപിസിഎൽ വിൽക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ അഞ്ചിനാണ്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്‌ മാർച്ച്‌ സംഘടിപ്പിക്കുന്നത്‌. രാവിലെ ഷിപ് യാർഡിൽനിന്ന്‌ ആരംഭിക്കുന്ന മാർച്ച്‌ വൈകിട്ട്‌ അമ്പലമുകൾ ബിപിസിഎലിന്റെ മുന്നിൽ അവസാനിക്കും.


പ്രധാന വാർത്തകൾ
 Top