25 October Sunday

2 ദിവസത്തെ പണിമുടക്കിന്‌ 8 ദിവസത്തെ ശമ്പളം പിടിച്ചതിൽ പ്രതിഷേധം ; റിഫൈനറി തൊഴിലാളികൾ നിൽപ്പുസമരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


കൊച്ചി
രണ്ടുദിവസത്തെ പണിമുടക്കിന് എട്ടുദിവസത്തെ ശമ്പളം പിടിച്ച ബിപിസിഎൽ മാനേജ്മെന്റ്‌ നടപടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് കൊച്ചി റിഫൈനറി തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ  നിൽപ്പുസമരം സംഘടിപ്പിച്ചു.

സ്വകാര്യവൽക്കരണത്തിന് അനുകൂലമായ വ്യവസ്ഥകൾ സേവനവേതന കരാറിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് ബിപിസിഎൽ തൊഴിലാളികൾ സെപ്‌തംബർ ഏഴ്‌, എട്ട്‌  തീയതികളിൽ പണിമുടക്കിയത്.ഇതിനോടുള്ള പ്രതികാര നടപടിയായാണ്‌ എട്ടുദിവസത്തെ ശമ്പളം തൊഴിലാളികളിൽനിന്ന്‌ പിടിക്കാൻ തീരുമാനിച്ചത്‌. ഉത്തരവിനെതിരെ തൊളിലാളികൾ നൽകിയ പരാതി പരിഗണിച്ച്‌ ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ മാനേജ്‌മെന്റുമായി ചർച്ച  നടത്തിയിരുന്നു. അച്ചടക്കനടപടി പുനരാലോചിക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ, അതും അവഗണിച്ച്‌‌ നടപടിയുമായി മാനേജ്‌മെന്റ്‌ മുന്നോട്ടുപോകുകയാണ്‌.

തൊഴിലാളിവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ്‌ ട്രേഡ്‌ യൂണിയനുകളുടെ തീരുമാനം. നവംബർ രണ്ടുമുതൽ ആറുവരെ പഞ്ചദിന സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്‌. കൊച്ചി റിഫൈനറി ഗേറ്റിൽ സംഘടിപ്പിച്ച നിൽപ്പുസമരത്തിന് എം ജി അജി, പ്രവീൺകുമാർ, എസ്‌ കെ നസീമുദ്ദീൻ, ടി ദിനേശ്, സി കെ ജോൺസ്, എസ് അനൂപ്, എസ്  അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top