18 October Friday

ജാമ്യാപേക്ഷകളില്‍ മജിസ്‌ട്രേട്ടുമാര്‍ ഒരാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019


കൊച്ചി
ജാമ്യാപേക്ഷകളിൽ ഒരാഴ്ചയ്‌ക്കകം മജിസ്‌ട്രേട്ടുമാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാദം കേൾക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ ക്രിമിനൽ നടപടി ചട്ടങ്ങളിലെ (സിആർപിസി) 437–-ാം വകുപ്പുപ്രകാരമുള്ള ജാമ്യാപേക്ഷകളിൽ വിധി പറയണം. അന്നുതന്നെ പ്രതികൾക്ക് വിധിപ്പകർപ്പ് നൽകണമെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാർ വ്യക്തമാക്കി. പതിനെട്ട് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വച്ചതിന് ചെങ്ങന്നൂർ എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശി സന്തോഷ്കുമാറിന് ജാമ്യം അനുവദിച്ച വിധിയിലാണ് നിർണായക മാർഗനിർദേശങ്ങൾ. സന്തോഷ്‌കുമാർ ജൂലൈ 31നാണ് കീഴ്‌ക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. ആഗസ്‌ത്‌ എട്ടിന് വാദം കേട്ടെങ്കിലും 22നുമാത്രമാണ് വിധി പറഞ്ഞത്. മൂന്നുദിവസം കഴിഞ്ഞാണ് വിധിപ്പകർപ്പ് നൽകിയത്. മജിസ്‌ട്രേട്ടിന്റെ ഈ നടപടിയെ ഹൈക്കോടതി വിമർശിച്ചു. ക്രിമിനൽ കേസുകളിൽ വിചാരണ കഴിഞ്ഞ് നാലുദിവസത്തിനകം വിധി പറയണമെന്ന് പതിറ്റാണ്ടുകൾമുമ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. കാലതാമസമുണ്ടെങ്കിൽ കാരണം പ്രത്യേകം രേഖപ്പെടുത്തണം. മജിസ്‌ട്രേട്ടിനോട് വിശദീകരണം തേടിയെങ്കിലും യാന്ത്രികമായ മറുപടിയാണ് ലഭിച്ചത്.

ജാമ്യാപേക്ഷകളിൽ കൃത്യമായ ഒരു നിർദേശമില്ല. അതിനാൽ മാർഗനിർദേശങ്ങൾ ഇറക്കുകയാണ്. നിലവിലെ കേസിൽ മജിസ്‌ട്രേട്ടിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. അതിനാൽ അവർക്ക് ഗൈഡൻസ് നൽകുന്ന കാര്യത്തിൽ ഹൈക്കോടതിയുടെ ഭരണവിഭാഗം തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. സന്തോഷ്‌കുമാറിന് ജാമ്യവും അനുവദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top