22 November Friday

ശബരിമല തന്ത്രിയുടെ ചുമതല നല്‍കണമെന്ന് കണ്ഠര് മോഹനര്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019


കൊച്ചി
ശബരിമല തന്ത്രിയുടെ ചുമതല നൽകണമെന്ന്‌ ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠര്‌ മോഹനര്‌ നൽകിയ ഹർജി ഹൈക്കോടതി ഒരാഴ്ച കഴിഞ്ഞ്‌ പരിഗണിക്കാൻ മാറ്റി.
ക്രിമിനൽ കേസിൽ അകപ്പെട്ടെന്ന കാരണത്താൽ 2007 ജൂലൈ 25നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മോഹനരെ തന്ത്രിയുടെ ചുമതലയിൽനിന്ന് നീക്കിയത്. ശോഭ ജോൺ ഉൾപ്പെടെയുള്ള പ്രതികൾ മോഹനരെ ഫ്‌ളാറ്റിൽ വിളിച്ചുവരുത്തി അപമാനിച്ചെന്നും പണവും സ്വർണവും അപഹരിച്ചെന്നുമാണ് കേസ്. ഇതിൽ താൻ പരാതിക്കാരനാണെന്നാണ്‌ മോഹനരുടെ ഹർജി.

വിലക്കിനെതിരെ ഹൈക്കോടതിയിൽ നേരത്തെ നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ് തീരുമാനമെടുക്കാൻ നിർദേശിച്ചിരുന്നു. ബോർഡിന്‌ നൽകിയ നിവേദനങ്ങൾ പരിഗണിച്ചിട്ടില്ല. ശബരിമലയിൽ വിലക്കുണ്ടെങ്കിലും ബോർഡിന്‌ കീഴിലുള്ള തിരുനക്കര മഹാദേവ ക്ഷേത്രം, അച്ചൻകോവിൽ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം, മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ തന്ത്രിയുടെ ചുമതല വഹിക്കുന്നുണ്ട്.

ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നും നിവേദനങ്ങൾ പരിഗണിച്ച് തീർപ്പാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഹർജി പരിഗണനയ്ക്ക്‌ വന്നപ്പോൾ കോടിക്കണക്കിന് ഭക്തരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top