01 April Wednesday

കർഷകസംഘം സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ 22ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


കൊല്ലം
കേരള കർഷകസംഘം 26–-ാം സംസ്ഥാന സമ്മേളനം 22 മുതൽ 24 വരെ കൊല്ലത്ത്‌ നടക്കും.  സമ്മേളനത്തിൽ 530 പ്രതിനിധികൾ ഉൾപ്പെടെ 625 പേർ പങ്കെടുക്കും. 22ന്‌ രാവിലെ 9.30 ന്‌ സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം രാവിലെ 10ന്‌ എം കെ ഭാസ്‌കരൻ നഗറിൽ (കൊല്ലം സി കേശവൻ മെമ്മൊറിയൽ ടൗൺഹാൾ) ഓൾ ഇന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന്‌  സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത്‌ കർഷകർ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങൾ സമ്മേളനം ചർച്ചചെയ്യും.  സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ 13 സെമിനാർ വ്യാഴാഴ്‌ച പൂർത്തിയാകും.

സമ്മേളനത്തിന്റെ ഭക്ഷണമൊരുക്കാൻ നെല്ല്‌, മത്സ്യം, ചെമ്മീൻ, പച്ചക്കറി, ആട്‌, താറാവ്‌ എന്നീ കൃഷികൾ ആരംഭിച്ചു. വിളവെടുപ്പ്‌ തുടരുന്നു. ആശ്രാമം മൈതാനത്ത്‌ അഗ്രോ ഫെസ്‌റ്റ്‌ നടന്നുവരുന്നു.  സി എച്ച്‌ കുഞ്ഞമ്പു നേതൃത്വം നൽകുന്ന പതാകജാഥ കയ്യൂർ രക്‌തസാക്ഷി മണ്ഡപത്തിൽനിന്നും എസ്‌ കെ ശ്രീജ നേതൃത്വം നൽകുന്ന കൊടിമര ജാഥ  കല്ലറ പാങ്ങോട്‌ വിപ്ലവ സ്‌മൃതി മണ്ഡപത്തിൽനിന്നും ജി ഹരിശങ്കർ നേതൃത്വം നൽകുന്ന  ദീപശിഖാ ജാഥ പുന്നപ്ര –- വയലാർ  രക്‌തസാക്ഷി മണ്ഡപത്തിൽനിന്നും വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ പൊതുസമ്മേളന നഗരിയായ കന്റോൺമെന്റ് മൈതാനിയിൽ സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തും.

പ്രതിനിധി സമ്മേളനം 23ന് രാവിലെ 9.30ന്‌ തുടരും.  ‘കാർഷിക പ്രതിസന്ധിയും പരിഹാര മാർഗങ്ങളും’ വിഷയത്തിൽ ക്യൂഎസി മൈതാനത്ത്‌ വൈകിട്ട്‌ ആറിന്‌ സെമിനാർ നടക്കും. ഓൾ ഇന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ള ഉദ്‌ഘാടനംചെയ്യും. 24ന്‌ പ്രതിനിധി സമ്മേളനം തുടരും. ചിന്നക്കട, കർബല, കപ്പലണ്ടിമുക്ക്‌ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രകടനം ആരംഭിക്കും. ടി പി ബാലകൃഷ്‌ണൻനായർ നഗറിൽ  (കന്റോൺമെന്റ്‌ മൈതാനം) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.


പ്രധാന വാർത്തകൾ
 Top