15 November Friday

മരടിലെ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ : തിരുത്തൽഹർജി സുപ്രീംകോടതി പരി​ഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019


സ്വന്തം ലേഖകൻ
മരടിലെ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ പൊളിക്കണമെന്ന ഉത്തരവിനെതിരായ തിരുത്തൽഹർജി  സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. നിയമലംഘനം പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിക്ക്‌ സ്‌പെഷ്യൽ സെക്രട്ടറി നേതൃത്വം നൽകിയത്‌ ചട്ടലംഘനമാണെന്ന്‌ ഉൾപ്പെടെ കാണിച്ച്‌ ഫ്ലാറ്റ്‌ നിവാസികളാണ്‌ വീണ്ടും കോടതിയെ സമീപിച്ചത്‌. ഹർജിക്ക്‌ സുപ്രീംകോടതി രജിസ്‌ട്രി ഡയറിനമ്പർ നൽകിയതിനാൽ അത്‌ പരിഗണിക്കുമെന്ന്‌ ഉറപ്പായി.

തിരുത്തൽ ഹർജിയിൽ തുറന്ന കോടതിയിൽ വാദംകേൾക്കണമെന്നും ഗോൾഡൻ കായലോരം റെസിഡൻസ്‌ അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം, കേസിൽ സംസ്ഥാനസർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയുടെ നിയമോപദേശം തേടി. തുഷാർ മെഹ്‌ത സംസ്ഥാന സർക്കാരിനായി ഹാജരായേക്കുമെന്നും സൂചനയുണ്ട്‌.

2018 നവംബറിലാണ്‌ മരടിലെ അഞ്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ തീരദേശപരിപാലന നിയമം ലംഘിച്ചോയെന്ന്‌ പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്‌.

തദ്ദേശസ്വയംഭരണ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ചീഫ്‌ മുനിസിപ്പൽ ഓഫീസർ, കലക്ടർ എന്നിവർ അംഗമാകണമെന്നായിരുന്നു നിർദേശം. തദ്ദേശ സ്വയംഭരണസെക്രട്ടറിക്കു പകരം സ്‌പെഷ്യൽ സെക്രട്ടറിയാണ്‌ സമിതിക്ക്‌ നേതൃത്വം നൽകിയതെന്നും ഇത്‌ കോടതിയലക്ഷ്യമാണെന്നുമാണ്‌ തിരുത്തൽ ഹർജിയിൽ ഉന്നയിച്ചിട്ടുള്ള പ്രധാന വാദം. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഫ്ലാറ്റ്‌ പൊളിക്കാൻ ഉത്തരവിട്ടത്‌.


പ്രധാന വാർത്തകൾ
 Top