23 November Monday
കാർഷിക ചരിത്ര മ്യൂസിയം കേരളപ്പിറവിദിനത്തില്‍ സമര്‍പ്പിക്കും

കണ്ടറിയാം ഓണാട്ടുകര പെരുമ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

ഓണാട്ടുകര മ്യൂസിയം

മാവേലിക്കര

ഓണാട്ടുകരയുടെ ചരിത്രം വരുംതലമുറയ്‌ക്ക്‌ കൈമാറാൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന കാർഷിക-പൈതൃക- ചരിത്ര മ്യൂസിയം കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിക്കും.  ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി സ്‌മാരകമായി പ്രഖ്യാപിച്ച്, ബ്ലോക്ക്പഞ്ചായത്ത് വളപ്പിൽ നിർമാണം പൂർത്തീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ഞായറാഴ്‌ച രാവിലെ 10 ന്  മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. ആർ രാജേഷ് എംഎൽഎ അധ്യക്ഷനാകും. ബുദ്ധപ്രതിമയുടെ അനാച്ഛാദനം സജി ചെറിയാൻ എംഎൽഎയും പ്രതിഭകളെ ആദരിക്കൽ അഡ്വ. യു പ്രതിഭ എംഎൽഎയും നിർവഹിക്കും.   പ്രധാനമന്ത്രി കൃഷി സിംചായി യോജനയിൽ മികച്ച പ്രവർത്തനത്തിന് അംഗീകാരമായി, പഠന യാത്രയ്‌ക്ക്‌ ലഭിച്ച ഫണ്ട് കോവിഡായതിനാൽ മ്യൂസിയത്തിനായി വിനിയോഗിച്ചു.  പരമ്പരാഗത കാർഷിക, ജലസേചന ഉപകരണങ്ങളും ഉൾനാടൻ മത്സ്യബന്ധന ഉപാധികളും അളവുതൂക്ക ഉപകരണങ്ങളും  ഗാർഹിക ഉപകരണങ്ങളും കലാസൃഷ്‌ടികളും ചരിത്ര രചനകളും ഉൾപ്പെട്ടിട്ടുണ്ട്. ചുമടുതാങ്ങി, മാടക്കട, കൈവണ്ടി, പടിപ്പുര, തുളസിത്തറ, പശുതൊഴുത്ത്, പത്തായം, അരിപ്പെട്ടി എന്നിവയും  ശിൽപ്പങ്ങളുമടക്കം  150 പ്രദർശനവസ്‌തുക്കൾ മ്യൂസിയത്തിലുണ്ട്. ഓണാട്ടുകരയുടെ നാഴികക്കല്ലുകൾ വ്യക്തമാക്കുന്ന 50 ചരിത്ര ബോർഡുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.   പുസ്‌തകമൂലയിൽ ഓണാട്ടുകരയിലെ 234 എഴുത്തുകാരുടെ റഫറൻസ്  ഉൾപ്പെടെ  587പുസ്‌തകങ്ങളുടെ ഗ്രന്ഥശാല ഒരുക്കി. പ്രാദേശിക എഴുത്തുകാരുടെ പുസ്‌തകങ്ങൾ മാത്രമുള്ള സംസ്ഥാനത്തെ ആദ്യത്തെ ഗ്രന്ഥശാലയാണിത്. നൂറ്റാണ്ടുകളുടെ കാർഷിക- സാമൂഹ്യ- സാംസ്‌കാരിക ചരിത്രത്തിന്റെ പെരുമ പേറുന്ന ഓണാട്ടുകരയുടെ പരിച്ഛേദം മ്യൂസിയത്തിൽ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top