മാന്നാർ
വയോധികയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച അയൽവാസി യുവാവ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ബുധനൂർ പഞ്ചായത്ത് കിഴക്കുംമുറി വലിയവീട്ടിൽ പടിഞ്ഞാറേതിൽ മണിക്കുട്ടൻ (മനു –- -43) ആണ് മാന്നാർ പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കിഴക്കുംമുറി തൈതറയിൽ മറിയത്തിനെ (65)യാണ് മണിക്കുട്ടൻ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിൽ മാരകമുറിവേറ്റ മറിയം പരുമല സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
വെള്ളി രാത്രി മദ്യപിച്ചെത്തിയ മണിക്കുട്ടൻ മറിയവുമായി തർക്കവും കൈയേറ്റവുമുണ്ടായി. ഇതിനിടെ കത്തി മറിയത്തിന്റെ കഴുത്തിൽ കുത്തി വലിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് രക്തംവാർന്നു. സമീപം താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് മറിയം ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കരസേനയിൽ ലെഫ്റ്റനന്റ് കേണൽ പദവിയിൽ നഴ്സായി വിരമിച്ച മറിയം വീട്ടിൽ വിശ്രമജീവിതത്തിലാണ്. മണിക്കുട്ടൻ നാലുമാസമായി ഇവരുടെ സഹായിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..