ചെങ്ങന്നൂർ
ഫയർ, ട്രാഫിക് പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ ഓഫീസ് കെട്ടിട സമുച്ചയമായി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിന് സമീപം നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലാണ് 2004 മുതൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലാണ്. നഗരസഭ നിർമിച്ചുനൽകിയ താൽക്കാലിക ടിൻഷെഡിലാണ് വാഹനങ്ങളും ഉപകരണവും സൂക്ഷിക്കുന്നത്.
ഫയർഎൻജിന് വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ മിക്കപ്പോഴും പൊട്ടിയ നിലയിലാണ്. തകർന്ന മേൽക്കൂരയുള്ള പാചകപ്പുരയിൽ മഴക്കാലത്ത് ആഹാരമുണ്ടാക്കുക പോലും ദുഷ്കരമായിരുന്നു. സേനയ്ക്ക് വിട്ടുനൽകിയ കെട്ടിടമായതിനാൽ അറ്റകുറ്റപ്പണി ചെയ്യാൻ നഗരസഭ തയ്യാറാകുന്നില്ല. സേനയുടെ സ്വന്തം കെട്ടിടമല്ലാത്തതിനാൽ ഫണ്ട് അനുവദിക്കാൻ വകുപ്പിനും നിർവാഹമില്ലായിരുന്നു. തുടർന്ന് മന്ത്രി സജി ചെറിയാൻ പുതിയ കെട്ടിട നിർമാണത്തിന് നടപടിയെടുത്തു.
മേൽക്കൂര തകർന്ന പഴയ കെട്ടിടത്തിൽ പ്രവർത്തിച്ച ട്രാഫിക് പൊലീസ് സ്റ്റേഷനും പുതിയ കെട്ടിടം നിർമിക്കാൻ വഴി തുറന്നു. എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ 2.5 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടസമുച്ചയം നിർമിച്ചത്.
പഴയ പൊലീസ് സ്റ്റേഷന്റെ സ്ഥലത്ത് മൂന്നു നിലകളിലായി 11,000 ചതുരശ്രഅടിയിൽ കെട്ടിടം നിർമിച്ചു. താഴത്തെ നിലയിൽ രണ്ട് സ്റ്റോർ, ലൂബ്രിക്കന്റ് റൂം, ഗ്യാരേജ്, വാച്ച്മാൻ റൂം, റിസപ്ഷൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ ഇരു സേനാവിഭാഗങ്ങളുടെയും ഓഫീസും മൂന്നാം നിലയിൽ വിശ്രമമുറിയും അടുക്കളയും ഉണ്ടാകും. കെട്ടിട സമുച്ചയം ഉടൻ ഉദ്ഘാടനംചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..