10 July Friday
ട്രോളിങ് നിരോധനം

തൊഴിലാളികൾക്ക്‌ സൗജന്യറേഷൻ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
ആലപ്പുഴ
ട്രോളിങ് നിരോധനം ജൂൺ ഒമ്പത്‌ അർധരാത്രിമുതൽ. ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് മൺസൂൺകാല ട്രോളിങ് നിരോധനം. കലക്‌ടറേറ്റില്‍ ഡെപ്യൂട്ടി കലക്‌ടറുടെ അധ്യക്ഷതയില്‍ പൊലീസ്, ട്രേഡ് യൂണിയൻ നേതാക്കള്‍, ഫിഷറീസ് ജില്ലാതല ഉദ്യോഗസ്ഥർ, മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ്‌ തീരുമാനം. ഫിഷറീസ് ജില്ലാ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0477–-2251103.
നിരോധനവേളയിൽ കടല്‍ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിങ്ങിനുമായി രണ്ട് ബോട്ട്‌ വാടകയ്‌ക്ക്‌ എടുക്കും. പരിശീലനം ലഭിച്ച ആറ്‌ മത്സ്യത്തൊഴിലാളി യുവാക്കളെ കടൽരക്ഷാസേനയിൽ അംഗങ്ങളാക്കി രക്ഷാപ്രവർത്തനത്തിന് നിയോഗിക്കും. അഴീക്കല്‍, ചെല്ലാനം എന്നിവിടങ്ങളിലാണ്‌ ബോട്ട്‌ കേന്ദ്രീകരിക്കുക. 
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനത്തിന്‌ തടസ്സമില്ല. അയൽസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനത്തിനുമുമ്പ്‌ തീരംവിടണമെന്ന്‌ നിർദേശം നൽകി. ഹാര്‍ബറിലും ലാൻഡിങ് സെന്ററിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്ക്‌ പൂട്ടും. 
സുരക്ഷയുടെ ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡി കാർഡ് അല്ലെങ്കില്‍ ആധാർരേഖ കരുതണം. ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടിയെടുക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭിക്കുന്നതിന് മത്സ്യഫെഡ് തെരഞ്ഞെടുത്ത ഡീസൽ ബങ്ക്‌ പ്രവർത്തിക്കും. വളഞ്ഞവഴി, അർത്തുങ്കൽ ബങ്കുകൾ തുറക്കാം. മറൈൻ എൻഫോഴ്സ്‌മെന്റ്‌ പ്രവർത്തനത്തിന് കൂടുതൽ പൊലീസ് സേവനം ആവശ്യമെങ്കിൽ അനുവദിക്കും. 
നിരോധന കാലയളവിൽ യന്ത്രവൽക‌ൃത യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷനുള്ള അപേക്ഷാഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിലും മത്സ്യഭവനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്‌ടര്‍ എസ് വിജയന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ സുഹൈര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top