20 October Tuesday

സെൻട്രൽ ബസ്‌ സ്‌റ്റാൻഡിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

നിർദിഷ്ട സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡ് നിർമിക്കാനായി നഗരസഭ ഏറ്റെടുത്ത സ്ഥലം

കായംകുളം
കായംകുളത്ത്‌ സെൻട്രൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് നിർമാണത്തിന് അനുമതി. യുഡിഎഫ് ഭരണം അട്ടിമറിച്ച പദ്ധതിയാണ്‌ ഒടുവിൽ യാഥാർഥ്യമാകുന്നത്‌. ആധുനികരീതിയിലുള്ള ബസ് സ്‌റ്റാൻഡ് നിർമിക്കാനാണ് പദ്ധതി. തീരദേശപരിപാലന അതോറിറ്റി അനുമതി നൽകിയതോടെയാണ്‌ ബസ് ‌സ്‌റ്റാൻഡ്‌‌ അനുമതിക്കുള്ള കടമ്പകളെല്ലാം പൂർത്തിയായത്‌. 
 നഗരസഭാ ലിങ്ക് റോഡിലുള്ള എൽമെക്‌സ്‌ ഉടമ കെ ഡി ഗോപാലക‌ൃഷ്‌ണനിൽനിന്ന്‌ വാങ്ങിയ 35 സെന്റിലാണ് ബസ് സ്‌റ്റാൻഡ് നിർമിക്കുക. ബസ് സ്‌റ്റാൻഡിൽ പ്രവേശിക്കുന്നതിന് എട്ട്‌ മീറ്റർ വീതിയിൽ സൗജന്യ വഴിയവകാശം നൽകുന്നതിന് 30 സെന്റ്‌ സ്ഥലം ഉടമ വിട്ടുനൽകും. 2018 ആഗസ്‌ത്‌ 25ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗം ബസ് സ്‌റ്റാൻഡ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന്റെ വടക്കുഭാഗത്ത്‌ കൂടെ കരിപ്പുഴതോട് കടന്നുപോകുന്നതിനാൽ കെട്ടിടനിർമാണത്തിന് തീരദേശപരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമായിരുന്നു. അനുമതി കിട്ടാൻ  താമസം നേരിട്ടതോടെ സ്ഥലം ഏറ്റെടുക്കൽ നടപടി വൈകി.  
 വർഷാവർഷം നഗരസഭാ ബജറ്റുകളിൽ പദ്ധതിക്ക്‌ നാമമാത്രമായ ഫണ്ട് വകയിരുത്തുകയാണ്‌ യുഡിഎഫ്‌ ഭരണകാലത്തുണ്ടായത്‌. ഒടുവിൽ നഗരസഭാ ബജറ്റിൽനിന്ന്‌ പദ്ധതി ഒഴിവാക്കുകയുംചെയ്‌തിരുന്നു. സ്വകാര്യ ലോബിയെ സഹായിക്കാനാണ്‌ പദ്ധതി അട്ടിമറിച്ചത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നിരുന്നു. എൻ ശിവദാസന്റെ നേത‌ൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിയുടെ ഇടപെടലിലാണ്‌ പദ്ധതി യാഥാർഥ്യമാകുന്നത്.  
 പ്രതിദിനം നൂറുകണക്കിന് ബസുകളാണ് കായംകുളത്തുനിന്ന്‌ സർവീസ് നടത്തുന്നത്. നിലവിലുള്ള പ്രൈവറ്റ് സ്‌റ്റാൻഡ്‌ പരിമിതമായ സ്ഥലത്താണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്.യാത്രക്കാർക്ക് കാത്തിരിപ്പിന്‌ ഉൾപ്പെടെ മതിയായ സൗകര്യമില്ല. ബസുകൾക്ക് പാർക്ക്ചെയ്യാനുള്ള സൗകര്യവും പരിമിതമാണ്.   വികസനപദ്ധതികൾ ഒന്നൊന്നായി അതിവേഗം നടപ്പാക്കുകയാണ്‌. സെൻട്രൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് യാഥാർഥ്യമാകുന്നത് അഭിമാനകരമാണെന്ന് നഗരസഭാ ചെയർമാൻ എൻ ശിവദാസൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top