16 July Thursday
കോവിഡ്

എംഎല്‍എമാരുടെ നിര്‍ദേശങ്ങളിൽ കാലതാമസം ഉണ്ടാകരുത്‌

സ്വന്തം ലേഖകൻUpdated: Wednesday May 27, 2020

മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ എ എം ആരിഫ് എംപി, എംഎൽഎ മാരായ സജി ചെറിയാൻ, ആർ രാജേഷ്, ഷാനിമോൾ ഉസ്മാൻ, യു പ്രതിഭ എന്നിവർ പങ്കെടുക്കുന്നു

ആലപ്പുഴ 
കോവിഡുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് ഇളവുകള്‍ നല്‍കി നടപടി വേഗത്തിലാക്കണമെന്ന്  ആലപ്പുഴയില്‍നിന്നുള്ള എംപിയും എംഎല്‍എമാരും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ആവശ്യം മുന്നോട്ടുവച്ചത്. 
എംപിഫണ്ട് ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണെന്ന് എ എം ആരിഫ് എംപി പറഞ്ഞു. എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍ രാജേഷ്, യു പ്രതിഭ, ഷാനിമോള്‍ ഉസ്‌മാന്‍, ധനമന്ത്രിയുടെ പ്രതിനിധി കെ ഡി മഹീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 
കോവി‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജില്ലാഅടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേത‌ൃത്വത്തിൽ കോ–--ഓര്‍ഡിനേഷനുണ്ട്‌.  അത്‌ നിയോജകമണ്ഡലം അടിസ്ഥാനത്തിലുംവേണം. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ കോ–-ഓര്‍ഡിനേഷൻ കമ്മിറ്റി രൂപീകരിക്കണം. അതിവര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ നേരത്തെ നടപടികളെടുക്കണം. വീടുകളില്‍നിന്ന്‌  ആളുകളെ മാറ്റിത്താമസിപ്പിക്കുന്നത് സ്‌കൂളുകളിലാണ്. ഇത്തരം സ്ഥാപനങ്ങളില്‍ കൂടുതല്‍ ശൗചാലയങ്ങൾ നിർമിക്കണം. 
മൈക്രോഫിനാൻസ് സ്ഥാപനങ്ങളില്‍ വായ്‌പ തിരിച്ചടവിന് ഇളവുകൾ കുറച്ചുകൂടി നീട്ടുന്നതിന് നടപടിയെടുക്കണം. വൈക്കം- തവണക്കടവ് ഫെറിയിൽ രണ്ട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന ഫെറി സർവീസിന്‌ അനുമതി നല്‍കണം. കോവിഡ് പ്രതിരോധത്തിന് എംഎൽഎഫണ്ട് പ്രായോഗികമായി ഉപയോഗിക്കാൻനടപടി വേണമെന്നും ആവശ്യമുയർന്നു.  
കോവി‍ഡ് പ്രതിരോധത്തിന് എംഎല്‍എമാരും എംപിമാരും തദ്ദേശസ്ഥാപനങ്ങളുമായി ഇടപെട്ട് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വാര്‍ഡുതല സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന്  ഉറപ്പാക്കണം. കാലവര്‍ഷത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പ്‌ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. തങ്ങളുടെ മണ്ഡലത്തില്‍ ഇവ ക‌ൃത്യമായി നടക്കുന്നുവെന്ന് എംപിമാരും എംഎല്‍എമാരും ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top