24 September Friday

‘പുളിഞ്ചോട്‌’ നിറയും ചിരി

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021

കലേഷ് കലാലയം നിരവധി കഥകൾക്ക് പശ്ചാത്തലമായ പാടവരമ്പത്ത്

 
മാവേലിക്കര
കലേഷ് കലാലയത്തിന്റെ നർമകഥകൾ ഹ്രസ്വചിത്രങ്ങളാകുന്നു. മാവേലിക്കര താലൂക്ക് ഓഫീസിലെ ക്ലർക്കായ കലേഷ് ആറ്‌ വർഷത്തിനിടെ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച 50 കഥകളാണ് ഫ്രെയിമിലെത്തുന്നത്. സമകാലിക വിഷയങ്ങളെ നർമത്തിൽ ചാലിച്ച് ഇടതുപക്ഷ പുരോഗമന ആശയങ്ങളുമായി കോർത്തിണക്കിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. കലേഷും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന 'പുളിഞ്ചോട്' യൂട്യൂബ് ചാനൽവഴി, രണ്ടാഴ്‌ച ഇടവേളകളിൽ സിനിമകൾ റീലിസ് ചെയ്യും. മാവേലിക്കരയിലും പരിസരങ്ങളിലുമാണ് ചിത്രീകരണം. തിരക്കഥയും സംവിധാനവും കലേഷ് തന്നെയാണ്. നിർമാണം നൗഷാദ് ചുനക്കര.
രണ്ടു മാസ്‌കുകൾ വെക്കേണ്ടതിന്റെ പ്രാധാന്യം പറയുന്ന ഡബിൾമാസ്‌കാണ് ആദ്യ സിനിമ. ചിത്രീകരണം ഞായറാഴ്‌ച പൂർത്തീകരിക്കും. തുടർന്ന് ശശിയണ്ണൻ, ചിക്കുജിം, ഇതുപോലൊരു വല്യച്ഛനെ ആർക്കും കൊടുക്കല്ലേ, കാലാവർക്കി അടക്കം 49 കഥകളും ഉടൻ ചിത്രീകരണം പൂർത്തീകരിച്ച് യൂട്യൂബിലെത്തും. കഥകളിൽ ഓണാട്ടുകര ഭാഷാശൈലിയാണ് പിന്തുടരുന്നത്. ഒരു നോവലും കലേഷിന്റെ തൂലികയിൽ പിറക്കാനിരിക്കുന്നു.   
ബിഷപ്മൂർ കോളേജിലെ ബിരുദ പഠനത്തിന് ശേഷം കലേഷ് പാരലൽ കോളേജ് അധ്യാപകനായി. അഗ്നിശമന സേനയിൽ ആറു വർഷം മുമ്പ് ജോലിയിൽ കയറി. മൂന്നു വർഷം മുമ്പ് റവന്യൂ വകുപ്പിലെത്തി. ജില്ലാ കലക്‌ടറുടെ എൻഒസിക്ക് അപേക്ഷിച്ച ശേഷമാണ് ചിത്രീകരണമാരംഭിച്ചത്. പിന്തുണയുമായി സാംസ്‌കാരിക വകുപ്പിന്റെ കീഴിലെ ഫെലോഷിപ് കലാകാരനായ അനുജൻ അനുരാഗുമുണ്ട്. അനുരാഗാണ് കലാസംവിധായകൻ. തെക്കേക്കരയിലെ ഒരു കൂട്ടം യുവാക്കളും ചാനലുകളിൽ കോമഡി പരിപാടികൾ അവതരിപ്പിക്കുന്ന സൗമ്യ മാവേലിക്കരയും അഭിനയിക്കുന്നുണ്ട്. ജിതിൻ കൃഷ്‌ണയുടെ വരികൾക്ക് ലെമൂറിയൻ ആർട്ടിസ്‌റ്റ്‌ കളക്‌ടീവ് സംഗീതം നൽകി. സജിത്, സിനിഫെയിം ശ്യാം മാനാപ്പുഴയും ചേർന്നാണ് ക്യാമറ. പോസ്‌റ്റർ ഡിസൈൻ ആർ ദിലീഷ് ആദി ഗ്രാഫിക്‌സ് കറ്റാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top