01 December Tuesday

ഓട്ടോയിൽ കയറാം, കണ്ണി മുറിക്കാം

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020
ആലപ്പുഴ
ദിവസവും 700 രൂപയ്‌ക്ക്‌  ഓടിയിരുന്നതാണ്‌. കോവിഡ്‌ ഭീതി പടർന്നതോടെ കഷ്‌ടി നൂറുരൂപ കിട്ടിയാലായി. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കാൻ ശിവപ്രസാദിനാകില്ല.  യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ഓട്ടോയിൽ അണുനാശിനി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഈ യുവാവ്‌ ഒരുക്കി. 12 ലിറ്ററിന്റെ കന്നാസിൽ ടാപ്പ്‌ പിടിപ്പിച്ച്‌  വെള്ളം നിറച്ചുവച്ചു. കൈ കഴുകാൻ ഹാൻഡ്‌ വാഷും തുടയ്‌ക്കാൻ ടിഷ്യു പേപ്പറും വാങ്ങിവച്ചു. കൈകഴുകി തുടച്ചുവേണം യാത്രക്കാർ  ഓട്ടോയിൽ കയറാൻ. 
തമ്പകച്ചുവട്‌ ജങ്‌ഷനിൽ ഓടുന്ന കെഎൽ വൈ 266, അനഘ–-ആദർശ്‌ ഓട്ടോയുടെ  ഉടമയും ഡ്രൈവറുമാണ്‌ സരിഗ വായനശാലയ്‌ക്കു സമീപം താമസിക്കുന്ന  വടക്കേവെളി വി ആർ ശിവപ്രസാദ്‌. 16 വർഷമായി ഈ രംഗത്തുള്ള ശിവപ്രസാദിന്റെ അമ്മയും ഭാര്യയും രണ്ടു കുട്ടികളുള്ള കുടുംബവും കഴിയുന്നത്‌ ഓട്ടോയുടെ വരുമാനം കൊണ്ടാണ്‌. പ്രതിദിനം700  രൂപയോളമാണ്‌ മുമ്പ്‌ ലഭിച്ചിരുന്നത്‌. എണ്ണക്കാശും അടവും കഴിഞ്ഞാൽ കഷ്‌ടിച്ചു ജീവിച്ചുപോകാം. എന്നാൽ കോവിഡ്‌ റിപ്പോർട്ടു ചെയ്‌തതോടെ ഓട്ടം മോശമായി. 60–-70 രൂപയ്‌ക്കാണിപ്പോൾ ഓടുന്നത്‌. ഓട്ടോ വാങ്ങാൻ എടുത്ത വായ്‌പ തിരിച്ചടക്കേണ്ടതുണ്ട്‌. 
ഈ പ്രതിസന്ധിക്കിടെയാണ്‌ പണം മുടക്കി ബ്രേക്ക്‌ ദ ചെയിൻ യജ്ഞത്തിന്റെ ഭാഗമായത്‌. ഓട്ടോ, ടാക്‌സി, ടെമ്പോ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) മാരാരിക്കുളം  ഏരിയാ സെക്രട്ടറിയും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമാണ്‌ ശിവപ്രസാദ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top