13 July Monday

മാർത്താണ്ഡം കായലിലെ നെൽകൃഷിയുടെ അമരക്കാരൻ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

പി പത്മനാഭൻ വീട്ടിലെ കൃഷിത്തോട്ടത്തിൽ (ഫയൽ ചിത്രം)

മാരാരിക്കുളം
മികച്ച സംഘാടകനും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട പി പത്മനാഭൻ ഓർമയായി. ആറു പതിറ്റാണ്ടിലേറെക്കാലം നീണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു പി.
ജീവിതദുരിതങ്ങൾക്കിടയിലും ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങിയ പി പത്മനാഭൻ ശ്രദ്ധ കേന്ദ്രീകരിച്ചതു കർഷക തൊഴിലാളി മേഖലയിലായിരുന്നു. വിവിധ പ്രദേശങ്ങളിൽ അവരെ സംഘടിപ്പിക്കുകയും തിരുവിതാംകൂർ കർഷകതൊഴിലാളി യൂണിയന്റെ വളർച്ചയ്‌ക്ക്‌ നിസ്തുല പങ്കുവഹിക്കുകയും ചെയ്‌തു. കെഎസ്‌കെടിയു സംസ്ഥാനകമ്മിറ്റിയംഗവുമായി. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് പി പത്മനാഭൻ പ്രസിഡന്റായ നെല്ലുൽപാദക സമിതി മാർത്താണ്ഡം കായലിൽ നെൽകൃഷിയിൽ വിപ്ലവം സൃഷ്ടിച്ചത് നാടിന്റെ കാർഷിക ചരിത്രമാണ്‌. കൃഷി ചെയ്യാൻ ആഹ്വാനം മാത്രമല്ല അത് പ്രാവർത്തികമാക്കാനും അദേഹം ശ്രദ്ധിച്ചിരുന്നു. വർഷങ്ങളായി വീട്ടിൽ പച്ചക്കറികളും വാഴയും കൃഷി ചെയ്ത് മാതൃകയായി.പുലർച്ചെ മുതൽ തോട്ടത്തിലെ പണികളെല്ലാം കഴിഞ്ഞാണ് യൂണിയന്റെയും പാർടിയുടെയും പ്രവർത്തനവും പരിപാടികളും ഏറ്റെടുത്തിരുന്നത്‌.  ജനപ്രതിനിധിയെന്ന
 നിലയിലും കഴിവുതെളിയിച്ചു. മണ്ണഞ്ചേരി പഞ്ചായത്തംഗമായും ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ലാളിത്യം, എളിമ തുടങ്ങിയ ഗുണങ്ങളിലൂടെ കമ്യൂണിസ്റ്റ് നേതാവായി മാറാനും പി പത്മനാഭനു കഴിഞ്ഞു.
പ്രധാന വാർത്തകൾ
 Top