27 February Thursday
പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിന് പൊട്ടൽ

കായംകുളം താലൂക്ക്‌ ആശുപത്രിയിലും കെഎസ്‌യു അക്രമം

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020
കായംകുളം
എംഎസ്‌എം കോളേജിലെ അക്രമത്തിന്‌ പിന്നാലെ ഗവ. താലൂക്ക് ആശുപത്രിയിലും സംഘർഷം സ‌ൃഷ്‌ടിച്ച കെഎസ്‌യുക്കാർ പൊലീസ് സംഘത്തെ ആക്രമിച്ചു. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിന്‌ ഗുരുതരമായി പരിക്കേറ്റു. മൂന്ന് കെഎസ് യു, എംഎസ്എഫുകാർ അറസ്‌റ്റിലായി. വ്യാഴാഴ്‌ച വൈകിട്ടാണ്‌ സംഭവം.
  ഗുരുതരമായി പരിക്കേറ്റ കായംകുളം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷിനെ (42) ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുവ അസ്ഹർ മൻസിൽ അസ്ഹർ (20), പെരിങ്ങാല വാലയിൽ വീട്ടിൽ മുഹമ്മദ് സുഹൈൽ (23), കീരിക്കാട് വേരുവള്ളി ഭാഗം ഐക്കര വീട്ടിൽ മുഹമ്മദ് ഇർഫാൻ (20) എന്നിവരെയാണ് അറസ്‌റ്റ്‌ചെയ്‌തത്. 
ഇർഫാൻ എംഎസ്എഫ് ഭാരവാഹിയാണ്.   എംഎസ്എം കോളേജിൽ കെഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി മിഥുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചില കെഎസ്‌‌യു പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഇവർക്കൊപ്പം എത്തിയവർ ആശുപത്രിയിൽ സംഘർഷാവസ്ഥ സ‌ൃഷ്‌ടിക്കുകയായിരുന്നു. രോഗികളടക്കം പരിഭ്രാന്തരായി. സംഭവമറിഞ്ഞ് പൊലീസ് സംഘം ആശുപത്രിയിൽ എത്തിയതോടെ ഇവരെയും ആക്രമിച്ചു. 
ആശുപത്രിയിൽ വിദ്യാർഥികളുടെ മൊഴി എടുക്കുന്നതിനിടെയാണ്‌  സിപിഒ മഹേഷിനെ ആക്രമിച്ചത്. മർദനമേറ്റ മഹേഷ് അബോധാവസ്ഥയിലായി. പരിശോധനയിൽ മഹേഷിന്റെ കഴുത്തിന് പിന്നിൽ പൊട്ടൽ ഉള്ളതായി കണ്ടെത്തി. സംഭവസ്ഥലത്തുവച്ച് തന്നെയാണ്‌ അക്രമിസംഘത്തിലെ മൂന്ന്‌  പേർ പിടിയിലായത്‌. ഇർഫാനും, സുഹൈലും എംഎസ്എം കോളേജിലെ വിദ്യാർഥികളാണ്. അസ്ഹർ അടക്കം മൂന്ന് പേരെയും കോടതി റിമാൻഡ്‌ചെയ്‌തു.
പ്രധാന വാർത്തകൾ
 Top