30 November Monday

മതിമറന്ന്‌ നീന്താം ആലപ്പുഴയ്‌ക്ക്‌

നന്ദു വിശ്വംഭരൻUpdated: Monday Nov 23, 2020

ആലപ്പുഴയിലെ രാജാ കേശവദാസ്‌ നീന്തൽക്കുളം

 
ആലപ്പുഴ
കോവിഡും മഴക്കെടുതിയും സൃഷ്‌ടിച്ച  പ്രതിസന്ധികൾ തരണം ചെയ്‌ത്‌ രാജാകേശവദാസ് നീന്തൽക്കുളം തയ്യാർ. ആലപ്പുഴയുടെ ചിരകാല സ്വപ്‌നമാണ് എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ പൂർത്തിയായത്. മൂന്നുവർഷം മുമ്പ് ആരംഭിച്ച നിർമാണം 95 ശതമാനം പൂർത്തിയായപ്പോഴായിരുന്നു കോവിഡ്‌. പിന്നീട് വെല്ലുവിളി ഉയർത്തിയ മഴയേയും അതിജീവിച്ചു. മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതിയിൽ നീന്തൽക്കുളം ഉൾപ്പെടുത്തിയിട്ടുണ്ട്. 99 ശതമാനം ജോലികളും പൂർത്തിയായെന്ന്‌ സ്‌പോർട്സ് എൻജിനിയറിങ് വിഭാഗം അസിസ്‌റ്റന്റ് എൻജിനിയർ അൻവർ പറഞ്ഞു. കുളത്തിൽ വെള്ളം നിറയ്‌ക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ അവസാനത്തോടെ ടെൻഡർ തീരുമാനമാകും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉദ്ഘാടനംചെയ്യും– അൻവർ പറഞ്ഞു.
അന്താരാഷ്‌ട്ര 
നിലവാരത്തിൽ 
2017ൽ ആണ് നീന്തൽക്കുളത്തിന്റെ നവീകരണം തുടങ്ങിയത്. ഇതുവരെ രണ്ടരക്കോടിയിലധികം രൂപ ചെലവഴിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലാണ് നവീകരണം. കായിക യുവജന കാര്യാലയത്തിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി. നേരത്തെ പൂളിന്റെ അളവിൽ വ്യത്യാസമുണ്ടായിരുന്നു. 50 മീറ്റർ അളവ് കൃത്യമല്ലായിരുന്നു. അത് കൃത്യമാക്കി. 
നീന്തൽ പരിശീലന ഉപകരണങ്ങളായ സ്‌പോട്ട് വാൽവ്, സ്‌റ്റാർട്ടിങ് ബ്ലോക്ക്, ലാഡർ തുടങ്ങിയവയും സുരക്ഷാ ഉപകരണങ്ങളും പുതിയത് വാങ്ങി. ശൗചാലയം, വസ്‌ത്രം മാറാനുള്ള മുറി, വിശ്രമ മുറികൾ, പാർക്കിങ് ഏരിയ, പുതിയ ഫ്ലോറിങ്, ഇലക്‌ട്രിക് സംവിധാനങ്ങൾ, ഫിൽട്ടറേഷൻ പ്ലാന്റ് തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയാണ് നിർമാണം. ഗാലറിയുടെ മേൽക്കൂര നിർമിച്ചിരിക്കുന്നത് അന്താരാഷ്‌ട്ര സ്‌റ്റേഡിയങ്ങളിൽ ഉപയോഗിക്കുന്ന ടെൻസൈൽ ഫാബ്രിക് കൊണ്ടാണ്. 300 പേർക്ക്‌ ഇരിക്കാം. 26 ലക്ഷം ലിറ്ററാണ് പൂളിന്റെ സംഭരണ ശേഷി. രാജ്യാന്തര മത്സരങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കാവുന്ന നിലവാരത്തിലാണ് നവീകരണം. 
പരിശീലനം, ക്യാമ്പുകൾ
നീന്തൽക്കുളം പൂർത്തിയാകുന്നതോടെ പരിശീലനം, കുട്ടികൾക്കും നീന്തൽ പ്രേമികൾക്കുമുള്ള ക്യാമ്പുകൾ, ജില്ലാ–- സംസ്ഥാനതല മത്സരങ്ങൾ എന്നിവ ഇവിടെ നടത്താം. അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ പരിശീലിക്കുന്ന കുട്ടികൾ, സ്‌പോർട്സ് കൗൺസിൽ ഹോസ്‌റ്റലിലെ കുട്ടികൾ, സായിയിലെ കുട്ടികൾ തുടങ്ങിയവരെ മത്സരങ്ങൾക്കായി തയ്യാറാക്കാനാവും. 1997ലാണ് നീന്തൽക്കുളം തുറന്നുകൊടുത്തത്. 60 പേർക്ക് ഒരേ സമയം നീന്തൽ പരിശീലിക്കാൻ കഴിയുന്ന തരത്തിലായിരുന്നു സജ്ജീകരണങ്ങൾ. പല കാരണങ്ങളാൽ നീന്തൽക്കുളം വേണ്ട രീതിയിൽ ഉപയോഗപ്പെട്ടില്ല. പൊതുജനങ്ങൾക്കും പുതിയ നീന്തൽക്കുളത്തിൽ അംഗത്വം നൽകും. ആലപ്പുഴക്കാർക്കുള്ള എൽഡിഎഫ് സർക്കാരിന്റെ പുതുവത്സര സമ്മാനമാണ്‌ നീന്തൽക്കുളമെന്ന്‌ ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എൻ പ്രദീപ് കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top