27 September Sunday

മന്ത്രിയുടെ ഓഫീസ്‌ ആക്രമിക്കാൻ ബിജെപി–-കോൺഗ്രസ്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
ആലപ്പുഴ
തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ പേരിൽ‌ മന്ത്രി ജി സുധാകരന്റെ ഓഫീസും വസതിയും ആക്രമിക്കാൻ കോൺഗ്രസ്‌– -ബിജെപി ശ്രമം. മന്ത്രിക്ക് നിവേദനം നൽകാൻ എന്നപേരിലെത്തിയ സംഘമാണ്‌ ആക്രമണം‌ നടത്തിയത്‌‌‌. പുറക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഹ്മത്ത് ഹാമിദ്, ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണൻ എന്നിവരായിരുന്നു ആദ്യമെത്തിയത്‌. മന്ത്രി ഓഫീസിൽ ഉണ്ടായിരുന്നില്ല. 
പിന്നാലെ ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെയും കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂറിന്റെ നേതൃത്വത്തിലെത്തിയ 40ഓളംപേരടങ്ങുന്ന സംഘം അസഭ്യവർഷം ആരംഭിച്ചു. ബിജെപി ജില്ലാ നേതാവ്‌ എൽ പി ജയചന്ദ്രനും ഇവർക്കൊപ്പമുണ്ടായി. ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു സമരം. ഉപരോധം നടത്തിയവരെ പുന്നപ്ര പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 
മന്ത്രി സ്ഥലത്തില്ല എന്നു പറഞ്ഞിട്ടും  ഓഫീസിലും വീട്ടിലും അതിക്രമിച്ചു കയറി അക്രമത്തിനുശ്രമിച്ചവർ്ക്കെതിരെ  നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രിയുടെ ഓഫീസ്‌ ഡി ജി പി ക്ക്‌ പരാതി നൽകി.

കോൺഗ്രസ്‌ സമരം കരിമണൽ ലോബിക്കുവേണ്ടി: സിപിഐ എം 

ആലപ്പുഴ
തോട്ടപ്പള്ളിയിൽ കോൺഗ്രസ്‌ നടത്തുന്ന സമരം സ്വകാര്യ കരിമണൽ ലോബിക്കുവേണ്ടിയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ നേത‌ൃത്വത്തിലാണ്‌ നിലവിൽ പ്രവൃത്തിനടക്കുന്നത്‌. അത്‌ ഇഷ്‌ടപ്പെടാത്തവരാണ്‌ സമരവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. കാലവർഷം ശക്തമാകുംമുമ്പ്‌ തോട്ടപ്പള്ളി പൊഴിമുറിക്കൽ അനിവാര്യമാണ്. ഇല്ലെങ്കിൽ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിലാകും. അതുണ്ടാക്കുന്ന കെടുതിയുടെ ആഴം നാട് മനസിലാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് സമയബന്ധിതമായി പൊഴി മുറിക്കാൻ ജലവിഭവവകുപ്പ് തീരുമാനിച്ചത്. 
പൊഴി മുറിക്കുമ്പോൾ പൊഴിയിൽനിന്ന്‌ മാറ്റുന്ന കരിമണൽ, മുൻകാലങ്ങളിൽ ചില വ്യക്തികൾ എടുത്തുമാറ്റിയിരുന്നു. ഇത്‌ പല തർക്കങ്ങൾക്കും ഇടപെടലുകൾക്കും കാരണമായിട്ടുണ്ട്‌. അതുകൊണ്ടാണ് മണൽ മാറ്റാൻ കേരള മിനറൽസ് ആൻഡ് മെറ്റൽസിനെ ചുമതലപ്പെടുത്തിയത്. 
ഇതിന്റെ പേരിലാണ്‌ മന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ചു‌കയറി ജീവനക്കാരെ കോൺഗ്രസുകാർ അധിക്ഷേപിച്ചത്. സാധാരണ മന്ത്രിയുടെ ഓഫീസിനുനേരെ അതിക്രമവുമായി വരുന്നതിനുമുമ്പ് പൊലീസ് നിശ്ചിത അകലത്തിൽ തടയാറുണ്ട്. ഈ കാര്യത്തിൽ അതുണ്ടായില്ലെന്നത്‌ ഗൗരവമുള്ളതാണ്. ലോക്ക്ഡൗൺ ലംഘിച്ച് നടത്തിയ ഈ ജനവിരുദ്ധ‌സമരത്തിൽ പങ്കെടുത്തവരെ നിയമപ്രകാരം ശിക്ഷിക്കണമെന്ന് ആർ നാസർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

അസംബന്ധ നാടകം: മത്സ്യത്തൊഴിലാളി ഫെഡറേഷൻ 

ആലപ്പുഴ 
തോട്ടപ്പള്ളി സ്‌പിൽവേ പൊഴിമുഖത്തുനിന്ന്‌ മണ്ണ് നീക്കംചെയ്യുന്നതിനെതിരെ  കോൺഗ്രസ്, ബിജെപി നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ പ്രസ്‌താവനയിൽ അറിയിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന്‌ മാറ്റുന്ന മണ്ണ് നിശ്ചിത വിലയ്‌ക്ക്‌ കെഎംഎംഎല്ലിനാണ് നൽകുന്നത്. ഇക്കാര്യം മറച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. 
അഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നതുമൂലം ഒരു കടലാക്രമണവും ഉണ്ടാകില്ല. വിഷയത്തിൽ മന്ത്രി ജി സുധാകരനെ അസഭ്യം പറയുവാനും അധിക്ഷേപിക്കുവാനുമാണ്‌ കോൺഗ്രസ്‌ ശ്രമം. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർക്ക് ചേർന്ന സമീപനമല്ല അവർ എംഎൽഎ ഓഫീസിനുമുന്നിൽ നടത്തിയത്. ബോധപൂർവം സംഘർഷം ഉണ്ടാക്കുവാനും തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി മത്സ്യത്തൊഴിലാളികളെ ദുരുപയോഗം ചെയ്യുവാനുള്ള ശ്രമം വിലപ്പോവില്ല.   
ഖനനത്തിന്റെ പേരിൽ മുറവിളികൂട്ടുന്ന ഇക്കൂട്ടരിൽ പലരും കരിമണൽ ലോബികളുടെ ഏജന്റുമാരായിരുന്നുവെന്നും അദേഹം പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top